“മസ്‌ക് വീണ്ടും ചരിത്രം കുറിക്കുന്നു; 50 മടങ്ങ് അധികം കരുത്തുള്ള AI ചിപ്പ് ഫാക്ടറി ‘Terafab’ വരുന്നു

ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ ചിപ്പ് നിർമ്മാണശാലയുമായി ഇലോൺ മസ്‌ക്.ടെസ്‌ല, സ്പേസ് എക്സ്, xAI എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ ‘‘ടെറാഫാബ്’ (Terafab) എന്ന ചിപ്പ് നിർമ്മാണ പദ്ധതിയ്ക്ക് തുടക്കമിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ ദൗത്യം എന്നാണ് മസ്ക് ഇതിനെ വിശേഷിപ്പിച്ചത്. ലോകം ഇപ്പോൾ ഉത്പാദിപ്പിക്കുന്നതിന്റെ ഏകദേശം 50 മടങ്ങ് — വർഷത്തിൽ ഒരു ടെറാവാട്ട് AI കംപ്യൂട്ട് ശേഷി നിർമ്മിക്കാനാണ് ലക്ഷ്യമെന്ന് മസ്ക് വ്യക്തമാക്കി.

അമേരിക്കയിലെ ഓസ്റ്റിനിൽ സ്ഥാപിക്കാനിരിക്കുന്ന ഈ ഫാക്ടറി, ചിപ് ഡിസൈൻ മുതൽ ടെസ്റ്റിംഗ് വരെ മുഴുവൻ ഘട്ടങ്ങളും ഒരിടത്ത് ഉൾക്കൊള്ളുന്ന ‘വെർട്ടിക്കൽ ഇന്റഗ്രേഷൻ’ മോഡലിലാണ് പ്രവർത്തിക്കുക. ഇത്തരം സമഗ്ര സംവിധാനമൊന്നും നിലവിൽ ലോകത്ത് ഇല്ലെന്നാണ് മസ്കിന്റെ അവകാശവാദം. ടെസ്ല വാഹനങ്ങൾക്കും Optimus റോബോട്ടുകൾക്കുമായി ഒരു ചിപ്പും , ബഹിരാകാശ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കാൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ചിപ്പും വികസിപ്പിക്കാനാണ് പദ്ധതി.

ഭൂമിയിൽ വലിയ AI ഡാറ്റ സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ ആളുകൾക്ക് ആശങ്കയുണ്ടെന്നും, അടുത്ത 2-3 വർഷത്തിനകം ബഹിരാകാശ അടിസ്ഥാനത്തിലുള്ള കംപ്യൂട്ടിംഗ് ഭൂമിയിലെ സംവിധാനങ്ങളെക്കാൾ ചെലവ് കുറഞ്ഞതായേക്കുമെന്നും മസ്ക് അഭിപ്രായപ്പെട്ടു. Starship ഉപയോഗിച്ച് ഈ ചിപ്പുകൾ ബഹിരാകാശത്തിലേക്ക് അയക്കാനും പദ്ധതിയുണ്ട്

ഒരു ഗാലക്റ്റിക് സിവിലൈസേഷനിലേക്കുള്ള (Galactic Civilization) ആദ്യ ചുവടുവെപ്പായാണ് ടെറാഫാബിനെ മസ്ക് കാണുന്നത്. എല്ലാവർക്കും എല്ലാ വിഭവങ്ങളും യഥേഷ്ടം ലഭ്യമാകുന്ന ഒരു ‘അബൻഡൻസ് ഇക്കോണമി’ (Abundance Economy) ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Summary : Elon Musk has unveiled Terafab, a massive chip manufacturing project by Tesla, SpaceX, and xAI, aiming to produce a terawatt of AI compute annually—about 50 times current global output. The Austin-based facility will use full vertical integration and develop chips for Tesla vehicles, Optimus robots, and space-based AI satellites powered by solar energy. Musk also envisions space-based computing becoming cheaper than Earth-based systems and sees Terafab as a step toward a “galactic civilization” and an abundance-driven economy.