വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു.

ശരീരത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസ് ജ്യോതി സിംഗ് ഹർജി പരിഗണിച്ചു. മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം. എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. ഇതേ വിഷയത്തിൽ സിനിമ, കായിക മേഖലകളിലെ പ്രമുഖരും മുമ്പ് കോടതിയെ സമീപിച്ചിരുന്നു.

Summary :The Delhi High Court has directed actor Mohanlal to file a detailed fresh petition over the alleged misuse of AI to create and spread fake content using his identity. The court asked for all relevant links and parties to be included, and the matter will be considered on Friday. The plea highlights issues like voice cloning, fake videos, and online content violating his personal rights.