3 മിനിറ്റ് ട്രാക്കുകൾ വരെ ഒരു പ്രോംപ്റ്റിൽ ; ഗൂഗിൾ ‘Lyria 3 Pro’ അവതരിപ്പിച്ചു

സംഗീത പ്രേമികൾക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ആവേശകരമായ വാർത്തയുമായി ഗൂഗിൾ. കഴിഞ്ഞ മാസം അവതരിപ്പിച്ച Lyria 3 ന് പിന്നാലെ, പുതിയ പതിപ്പായ “Lyria 3 Pro” പുറത്തിറക്കി. വെറുമൊരു മ്യൂസിക് ബിറ്റ് എന്നതിനപ്പുറം, ഒരു സമ്പൂർണ്ണ ഗാനം തന്നെ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.

ഇതുവരെ ലഭ്യമായിരുന്ന ചെറിയ ട്രാക്കുകൾക്ക് പകരം 3 മിനിറ്റ് വരെ നീളുന്ന പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ ഇനി നിർമ്മിക്കാം. പാട്ടിന്റെ തുടക്കം (Intro), പല്ലവി (Verse), അനുപല്ലവി (Chorus), സംഗീത മാറ്റങ്ങൾ (Bridge) എന്നിവ ഓരോന്നായി നിർദ്ദേശിക്കാൻ (Prompt) ഇതിലൂടെ സാധിക്കും. ഗൂഗിൾ വിഡ്‌സ് (Google Vids), ജെമിനി ആപ്പ് (Gemini App), ഗൂഗിൾ എഐ സ്റ്റുഡിയോ എന്നിവയിലൂടെ ഇനി ഈ സേവനം പ്രയോജനപ്പെടുത്താം.

ഗെയിമിംഗ്, മാർക്കറ്റിംഗ് വീഡിയോകൾ എന്നിവയ്ക്കായി ഹൈ-ക്വാളിറ്റി സൗണ്ട് ട്രാക്കുകൾ വേഗത്തിൽ നിർമ്മിക്കാൻ വെർട്ടക്സ് എഐ (Vertex AI) വഴി സാധിക്കും.പുതിയ കൊളാബൊറേറ്റീവ് ടൂളായ ProducerAIയിലും Lyria 3 Pro ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിസ്റ്റുകൾക്കും പ്രൊഡ്യൂസർമാർക്കും ഗാനരചയിതാക്കൾക്കും കൂടുതൽ കാര്യക്ഷമമായി സംഗീതം സൃഷ്ടിക്കാനും തിരുത്താനും ഇത് സഹായകരമാകും. സൗജന്യമായും , പെയ്ഡ് സബ്സ്ക്രൈബർമാർക്കും ആഗോളതലത്തിൽ ഈ സൗകര്യം ലഭ്യമാണ്.

ഡെവലപ്പർമാർക്കായി Google AI Studioയും Gemini APIയും Lyria 3 Proയെ ഉൾപ്പെടുത്തി. Google Vids വഴി വീഡിയോകൾക്ക് അനുയോജ്യമായ കസ്റ്റം സംഗീതം ചേർക്കാനും കഴിയും. ഇത് Google Workspace ഉപഭോക്താക്കൾക്കും AI Pro, Ultra സബ്സ്ക്രൈബർമാർക്കും ലഭ്യമാണ്.

വ്ലോഗുകൾ, പോഡ്‌കാസ്റ്റുകൾ, ട്യൂട്ടോറിയലുകൾ എന്നിവ ചെയ്യുന്നവർക്ക് തങ്ങളുടെ വീഡിയോയുടെ സ്വഭാവത്തിനനുസരിച്ചുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇനി കോപ്പിറൈറ്റ് ഭയമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സ്വന്തമായി നിർമ്മിക്കാം. സംഗീതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലാത്തവർക്കും ഒരു പ്രൊഫഷണൽ മ്യൂസിക് പ്രൊഡ്യൂസറെപ്പോലെ പ്രവർത്തിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

Summary : Google has launched Lyria 3 Pro, an advanced AI music model that can generate full-length songs up to three minutes with detailed structural control. The tool allows users to create customized music by prompting elements like intro, verse, chorus, and bridge, and is available across platforms like Google Vids, Gemini, and Google AI Studio.
It enables creators, developers, and businesses to produce high-quality, copyright-free music quickly, making professional-level music creation accessible to everyone.