ഫൂട്ട് വെയർ ബിസിനസ് ഉപേക്ഷിച്ച് AI കമ്പ്യൂട്ടിംഗിലേക്ക് ചുവടുമാറ്റി Allbirds.

പരിസ്ഥിതി സൗഹൃദ ഷൂവുകൾ നിർമ്മിച്ച് ലോകശ്രദ്ധ നേടിയ ഓൾബേർഡ്‌സ് (Allbirds) തങ്ങളുടെ ബിസിനസ്സ് മേഖല പൂർണ്ണമായും മാറ്റുന്നു. തകർച്ചയിലായിരുന്ന ഫൂട്ട് വെയർ ബിസിനസ്സ് അവസാനിപ്പിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആവശ്യമായ ജിപിയു (GPU) വാടകയ്ക്ക് നൽകുന്ന ബിസിനസ്സിലേക്ക് കമ്പനി മാറുകയാണ്. “NewBird AI” എന്നാണ് കമ്പനിയുടെ പുതിയ പേര്.

2021ലെ IPO സമയത്ത് ഏകദേശം 4 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന Allbirds, മാർച്ചിൽ തന്റെ ബ്രാൻഡ് ആസറ്റുകൾ American Exchange Group-ന് 39 മില്യൺ ഡോളറിന് വിറ്റിരുന്നു.

ഏകദേശം 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചുകൊണ്ടാണ് കമ്പനി ഈ മാറ്റം പ്രഖ്യാപിച്ചത്. ഈ തുക ഉപയോഗിച്ച് എഐ കമ്പ്യൂട്ടിംഗിന് ആവശ്യമായ ഗ്രാഫിക്സ് കാർഡുകൾ (GPUs) വാങ്ങി അവ ദീർഘകാല കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാനാണ് (GPU-as-a-Service) കമ്പനിയുടെ പ്ലാൻ.

ബിസിനസ്സ് മാറ്റം പ്രഖ്യാപിച്ചതോടെ ഓൾബേർഡ്‌സിന്റെ ($BIRD) ഓഹരി വിലയിൽ 600 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്. 3 ഡോളറിൽ താഴെയായിരുന്ന ഓഹരി വില 20 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. ‘സുസ്ഥിരമായ പാദരക്ഷകൾ’ എന്ന തങ്ങളുടെ പഴയ ലക്ഷ്യം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ‘പബ്ലിക് ബെനഫിറ്റ്’ പദവി ഒഴിവാക്കാൻ ഷെയർഹോൾഡേഴ്സിന്റെ വോട്ടെടുപ്പ് അടുത്ത മാസം നടക്കും.

ഷൂ ബിസിനസ്സ് ഉപേക്ഷിച്ച് എഐ മേഖലയിലേക്ക് മാറുന്നത് വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് ബ്ലോക്ക്‌ചെയിൻ തരംഗമുണ്ടായപ്പോൾ പേരുമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച കമ്പനികളെപ്പോലെ, ഓൾബേർഡ്‌സും എഐ തരംഗത്തെ തങ്ങളുടെ രക്ഷയ്ക്കായി ഉപയോഗിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Summary : Allbirds is exiting its footwear business and rebranding as “NewBird AI,” shifting to a GPU rental (GPU-as-a-Service) model for AI computing. After selling its brand assets and raising $50M to buy GPUs, the company saw its stock surge over 600% following the pivot.
The move, along with plans to drop its sustainability-focused status, has sparked debate about companies rebranding to capitalize on the AI boom.