മഹാകവി കുമാരനാശാന്റെ ‘കരുണ’യ്ക്ക് എഐ ദൃശ്യാവിഷ്കാരം; മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എഐ ചിത്രം ‘വാസവദത്ത’ ഒക്ടോബർ 2-ന് തിയറ്ററുകളിലേക്ക്!

മഹാകവി കുമാരനാശാന്റെ പ്രശസ്ത കാവ്യമായ ‘കരുണ’യെ ആസ്പദമാക്കി ഒരുങ്ങുന്ന എഐ ചിത്രം ‘വാസവദത്ത’ ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തുന്നു. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ ചിത്രമെന്നാണ് അണിയറപ്രവർത്തകർ വാസവദത്തയെ വിശേഷിപ്പിക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള പ്രശസ്തമായ ഡോക്യുമെന്ററി ആറ് ഭാഷകളിൽ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഡോ. മുരളി മോഹൻ ആണ് അനുഗ്രഹ വിഷന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചു സംവിധാനം ചെയ്യുന്നത്.

എഐ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പതിനെട്ടാം നൂറ്റാണ്ടിലെ അന്തരീക്ഷവും കഥാപാത്രങ്ങളും വസ്ത്രധാരണവുമെല്ലാം അതേപടി കൃത്യതയോടെ ഓരോ ഫ്രെയിമിലും പുനർസൃഷ്ടിച്ചിരിക്കുന്നു. പ്രണയം, മനോഹരമായ ഗാനങ്ങൾ, നൃത്ത രംഗങ്ങൾ, സംഘട്ടനങ്ങൾ എന്നിവ കോർത്തിണക്കിയ മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ഡോ. ജയദേവൻ, ലെനിൻ അനിരുദ്ധൻ, സന്നിധാനന്ദൻ തുടങ്ങിയ പ്രമുഖ പ്രതിഭകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചരിത്രവും അത്യാധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന ‘വാസവദത്ത’ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയൊരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും എഐ ഫിലിം മേക്കിംഗ് പ്രേമികളും.

Summary: ‘Vasavadatta’, billed as Malayalam’s first full-length AI feature film based on Kumaran Asan’s famous poem Karuna, is scheduled for a multi-language theatrical release on October 2. Directed and produced by Dr. Murali Mohan under Anugraha Vision, the film utilizes generative AI to recreate 18th-century aesthetics alongside rich action, romance, and musical sequences.