ഹോളിവുഡ് തോറ്റുപോകുന്ന ചൈനീസ് AI യുദ്ധം!

സത്യത്തിൽ നമ്മളൊക്കെ ഇപ്പോൾ ഒരു സൈക്കിൾ മാറിക്കയറിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് ഏറ്റവും അധികം ചർച്ച നടന്നു കോണ്ടിരിക്കുന്നത് Seedance 2.0 നെക്കുറിച്ചാണ്. നടൻമാരും നടിമാരും എന്തോരു മിഴിവോടെയാണ് Seedance 2.0 സ്ക്രീനിൽ നിറയുന്നത്. സോഷ്യൽ മീഡിയ മുഴുവനും ഹോളിവുഡിന്റെ കഥ കഴിഞ്ഞെന്ന് പറയാതെ പറയുന്നു. ട്രോളുന്നു.

അത്രയ്ക്ക് വലുതായിരുന്നു Seedance 2.0 എന്ന പുതിയ ചൈനീസ് മോഡൽ ലോകത്തിന് നൽകിയ ഒരു സർപ്രൈസ്.

ഹോളിവുഡ് ഇപ്പോൾ ആകെ ബഹളത്തിലാണ്. ഡിസ്നിയും വമ്പൻ സ്റ്റുഡിയോകളുമൊക്കെ വക്കീലന്മാരെ കൂട്ടി എഐ കമ്പനികൾക്ക് പിന്നാലെ പായുകയാണ്. നോട്ടിസ് അയക്കുന്നു, പിഴയടപ്പിക്കുന്നു… പക്ഷേ അവർ ഒരു കാര്യം മറന്നുപോകുന്നു. You cannot ban math! (ഗണിതശാസ്ത്രത്തെ നിരോധിക്കാൻ ആർക്കെങ്കിലും കഴിയുമോ?)

ഇവിടെ മൂന്ന് കാര്യങ്ങളാണ് ഹോളിവുഡ് മനസ്സിലാക്കാതെ പോകുന്നത്:

  1. ഈ ജീനിയെ തിരിച്ച് കുപ്പിയിലാക്കാൻ കഴിയില്ല
    ഒരിക്കൽ ഒരു എഐ മോഡലിന്റെ കോഡുകൾ അല്ലെങ്കിൽ അതിന്റെ ആ ‘രഹസ്യകൂട്ടുകൾ’ പുറത്തുവന്നാൽ പിന്നെ അത് ലോകം മുഴുവൻ പടരും. നിങ്ങൾ ഒരു വെബ്സൈറ്റ് പൂട്ടിച്ചാലോ ഒരു കമ്പനിയെ നശിപ്പിച്ചാലോ ഈ അറിവ് ഇല്ലാതാകുന്നില്ല. അത് ആയിരക്കണക്കിന് ഹാർഡ് ഡിസ്ക്കുകളിൽ ഇപ്പോൾ തന്നെ സേവ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇത് വെറും സിനിമ കോപ്പി അടിക്കുന്നത് പോലെയല്ല, ഇതൊരു ടൂൾ ആണ്. ലോകത്തിന്റെ ഏത് കോണിലിരുന്നും ആർക്കും ഇത് ഉപയോഗിക്കാം.
  2. ഇതൊരു വല്ലാത്തൊരു പരസ്യമാണ്!
    ഹോളിവുഡ് ഒരു കമ്പനിയെ കോടതിയിൽ വലിച്ചിടുമ്പോൾ സത്യത്തിൽ ചെയ്യുന്നത് അവർക്ക് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘ഫ്രീ പബ്ലിസിറ്റി’ കൊടുക്കുക എന്നതാണ്. “നോക്കൂ, ഈ എഐ ഉപയോഗിച്ചാൽ ഹോളിവുഡിനെപ്പോലും അനുകരിക്കാം” എന്ന വാഗ്ദാനം അവർ സ്വയം കൊട്ടിഘോഷിക്കുന്നു. ഹോളിവുഡ് ഒരു കമ്പനിയെ തകർക്കുമ്പോൾ, നൂറ് പുതിയ കമ്പനികളാണ് ആ വിടവിലേക്ക് ചാടിവീഴുന്നത്.
  3. സ്പോട്ടിഫൈ പഠിപ്പിച്ച പാഠം
    പണ്ട് പാട്ടുകൾ കട്ടുപകർത്തിയിരുന്ന കാലത്ത് (Piracy), മ്യൂസിക് ഇൻഡസ്ട്രിയും ഇതേപോലെ കോടതികൾ തോറും കയറി ഇറങ്ങിയിട്ടുണ്ട്. പക്ഷേ പൈറസി അവസാനിച്ചത് എപ്പോഴാണെന്നറിയുമോ? സ്‌പോട്ടിഫൈയും ആപ്പിൾ മ്യൂസിക്കുമൊക്കെ വന്നപ്പോൾ. കുറഞ്ഞ പൈസയ്ക്ക് നല്ല ക്വാളിറ്റിയിൽ പാട്ടുകൾ കിട്ടിയപ്പോൾ ആളുകൾ പൈറസി ഉപേക്ഷിച്ചു.

ഹോളിവുഡിനും ഇനി ഇതൊക്കെയേ ചെയ്യാനുള്ളൂ. എഐ കമ്പനികൾക്ക് അവരുടെ ലൈസൻസ് നൽകുക, പകരം പണം വാങ്ങുക. ഡിസ്നി ഇപ്പോൾ തന്നെ ആ വഴിക്ക് ചിന്തിച്ചു തുടങ്ങി. അവർ OpenAI-യുമായി കൈകോർത്തത് വലിയൊരു സൂചനയാണ്.


നമ്മൾ ഈ യുദ്ധം ജയിക്കാൻ നോക്കേണ്ടത് നിയമം കൊണ്ടല്ല, മറിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ്. കാരണം ഗണിതശാസ്ത്രത്തോട് പൊരുതി ആരും ജയിച്ചിട്ടില്ല. ഹോളിവുഡ് ഇപ്പോൾ ഒരു വലിയ തീരുമാനത്തിന്റെ മുന്നിലാണ് — ഒന്നുകിൽ അവർ ഈ പുതിയ സാങ്കേതികവിദ്യയുടെ ഭാഗമാകണം, അല്ലെങ്കിൽ ഒന്നുമല്ലാതായി മാറണം.

മാറ്റങ്ങൾ എപ്പോഴും വരും, അതിനൊപ്പം നമ്മൾ എങ്ങനെ സഞ്ചരിക്കുന്നു എന്നതാണ് പ്രധാനം.