സംഭാഷണങ്ങളിൽ ഇനി ‘ഹൈഡ്ര’ വിപ്ലവം; മനുഷ്യസഹജമായ വേഗതയുമായി പുതിയ വോയിസ് മോഡൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഭാഷണ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ വോയിസ് മോഡലായ ‘Hydra’ (ഹൈഡ്ര) പുറത്തിറങ്ങി. നിലവിലുള്ള വോയിസ് അസിസ്റ്റന്റുകളിൽ നിന്നും വ്യത്യസ്തമായി, ഒരു മനുഷ്യനോട് സംസാരിക്കുന്ന അതേ സ്വാഭാവികതയോടെയും വേഗതയോടെയും സംവദിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈഡ്രയെ ശ്രദ്ധേയമാക്കുന്നത്.

പരമ്പരാഗത എഐ മോഡലുകൾ സാധാരണയായി നമ്മൾ പറയുന്നത് കേട്ട് അത് ടെക്സ്റ്റ് ആക്കി മാറ്റി, ശേഷം മറുപടി തയാറാക്കി വീണ്ടും ശബ്ദത്തിലേക്ക് മാറ്റുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ ഇത്തരം സങ്കീർണ്ണമായ ലേയറുകൾ പൂർണ്ണമായും ഒഴിവാക്കി, നേരിട്ട് ശബ്ദം പ്രോസസ്സ് ചെയ്ത് മറുപടി നൽകാൻ ഹൈഡ്രയ്ക്ക് സാധിക്കും.

ഈ പുതിയ മോഡലിനെ വിപണിയിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ തടസ്സമില്ലാത്ത സംഭാഷണ രീതിയാണ്. ഹൈഡ്ര സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഉപയോക്താവിന് ഇടയിൽ കയറി സംസാരിക്കാനും (Interrupt) തിരുത്തലുകൾ വരുത്താനും സാധിക്കും. നമ്മൾ പറയുന്നത് തൽക്ഷണം മനസ്സിലാക്കി പ്രതികരിക്കാനുള്ള അസാമാന്യ ശേഷി ഈ മോഡലിനുണ്ട്. കൂടാതെ, സംഭാഷണങ്ങൾ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാത്തതിനാൽ ശബ്ദത്തിലെ Emotionsഉം ചെറിയ ഭാവവ്യത്യാസങ്ങളും കൃത്യമായി നിലനിർത്താൻ ഇതിന് സാധിക്കുമെന്നത് വലിയൊരു നേട്ടമാണ്.

ഒരേസമയം കേൾക്കാനും സംസാരിക്കാനുമുള്ള ശേഷി (Simultaneous Processing) ഹൈഡ്രയുടെ മറുപടികൾക്കിടയിലെ കാലതാമസം പൂർണ്ണമായും ഒഴിവാക്കുന്നു. സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും വളരെ വേഗത്തിൽ ചിന്തിച്ചു മറുപടി നൽകാൻ ഹൈഡ്രയെ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഹൈഡ്രയുടെ ‘ബീറ്റ’ പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓഡിയോ ഡൊമെയ്‌നിൽ തന്നെ പൂർണ്ണമായും പ്രവർത്തിക്കുന്ന ഇത്തരം മോഡലുകൾ വോയിസ് അസിസ്റ്റന്റുകളുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.