സിനിമാ നിർമ്മാണം ഇനി വിരൽത്തുമ്പിൽ; അത്യാധുനിക ഫീച്ചറുകളുമായി ക്ലിംഗ് 3.0 ജിഎംഐ ക്ലൗഡിലെത്തി

വെറും വിനോദ ഉപാധി എന്ന നിലയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ നിർമ്മാണം പ്രൊഫഷണൽ സിനിമാ മേഖലയിലേക്ക് അതിവേ​ഗമാണ് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎംഐ ക്ലൗഡ് ആൻഡ് സ്റ്റുഡിയോയിൽ (GMI Cloud & Studio) അത്യാധുനിക വീഡിയോ ജനറേഷൻ മോഡലായ ‘ക്ലിംഗ് 3.0’ (Kling 3.0) അവതരിപ്പിച്ചു.

നേരത്തെ ചെറിയ വിഷ്വൽ ക്ലിപ്പുകൾ നിർമ്മിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഇത്തരം ടൂളുകൾ, ഇനി മുതൽ സിനിമയ്ക്ക് ആവശ്യമായ ഉന്നതനിലവാരത്തിലുള്ള സീനുകൾ ഒരുക്കാൻ പ്രാപ്തമാകുന്നു എന്നതാണ് ഈ അപ്‌ഡേറ്റിന്റെ പ്രധാന സവിശേഷത.

പതിനഞ്ച് സെക്കൻഡ് വരെ നീളമുള്ള, അതിവേഗ ചലനങ്ങളോടു കൂടിയ ഹൈ-മോഷൻ വീഡിയോകൾ അതിമനോഹരമായി നിർമ്മിക്കാൻ ക്ലിംഗ് 3.0 സഹായിക്കും. സിനിമാ ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ ലഘൂകരിക്കുന്നതിനായി ഒരേ പ്രോംപ്റ്റിൽ തന്നെ വൈഡ് ഷോട്ടുകൾ മുതൽ ക്ലോസപ്പ് ഷോട്ടുകൾ വരെയുള്ള മൾട്ടി-ഷോട്ട് രംഗങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും ഈ മോഡലിനുണ്ട്.

കേവലം ദൃശ്യങ്ങൾ മാത്രമല്ല, വീഡിയോയ്ക്ക് അനുയോജ്യമായ സൗണ്ട് ഇഫക്റ്റുകളും ഡയലോഗുകളും നേരിട്ട് ഇതിൽ തന്നെ ഉൾപ്പെടുത്താൻ ആകുന്നത് സിനിമാ നിർമ്മാതാക്കൾക്ക് വലിയ സൗകര്യമാണ്.

എഐ വീഡിയോകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന വെല്ലുവിളിയായ കഥാപാത്രങ്ങളുടെ തുടർച്ച (Character Consistency) പരിഹരിക്കാൻ ഈ പുതിയ പതിപ്പിന് സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ രൂപത്തിലോ വസ്ത്രത്തിലോ മാറ്റം വരാതെ തന്നെ വിവിധ രംഗങ്ങളിൽ അവരെ നിലനിർത്താൻ ക്ലിംഗ് 3.0 വഴി സാധിക്കും.