എഐ കരുത്തിൽ കമ്പരാമായണം വെള്ളിത്തിരയിലേക്ക്

നമ്മിടെ ഇതിഹാസ കാവ്യമായ കമ്പരാമായണം ‘ലൈവ്-ആക്ഷൻ എഐ ആനിമേഷൻ’ രൂപത്തിൽ വെള്ളിത്തിരയിലേക്ക്. 1980-കളിൽ ചിന്മയ യുവകേന്ദ്ര അവതരിപ്പിച്ച പ്രശസ്തമായ നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം. ചെന്നൈയിലെ മുവോണിയം എഐ സ്റ്റുഡിയോസ് (Muonium AI Studio) നിർമ്മിക്കുന്ന ഈ ചിത്രം, മാർച്ച് അവസാനത്തോടെ റിലീസ് ചെയ്യും.

സാധാരണ എഐ മോഡലുകൾക്ക് ഭാരതീയ കലകളിലെ ‘നവരസങ്ങൾ’ കൃത്യമായി പ്രതിഫലിപ്പിക്കാൻ കഴിയാത്തതിനാൽ, ഈ സിനിമയിൽ ‘മോഷൻ ക്യാപ്‌ചർ’ (Motion Capture) ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൊഫഷണൽ നർത്തകർക്ക് പകരം എൻജിനീയർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വിദ്യാർത്ഥികളും ഉൾപ്പെടെ 30-ഓളം വോളന്റിയർമാരാണ് ഗ്രീൻ സ്ക്രീനിൽ അഭിനയിച്ചത്. ഏകദേശം 1 കോടി രൂപ മാത്രമാണ് ഈ സിനിമയുടെ ബജറ്റ്. ‘ബാഹുബലി’ പോലുള്ള വമ്പൻ ചിത്രങ്ങളുടെ കോസ്റ്റ്യൂം ബജറ്റിനേക്കാൾ കുറവാണിത്. വേഷവിധാനങ്ങളോ പശ്ചാത്തലമോ മാറ്റണമെന്നുണ്ടെങ്കിൽ എഐ വഴി വളരെ വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും ചെയ്യാൻ സാധിച്ചു.

സംഗീത സംവിധായകൻ കെ.വി. മഹാദേവൻ ഈണമിട്ട ഗാനങ്ങളും, എസ്.പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം എന്നിവരുടെ ശബ്ദവും ചിത്രത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിരിക്കും ചിത്രം ആദ്യം പുറത്തിറങ്ങുക. മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾ പിന്നീട് എത്തും.

“നമ്മുടെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ ഇന്ത്യൻ സിനിമയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ പരീക്ഷിക്കുകയാണ്,” എന്ന് മുവോണിയം ജനറൽ പാർട്ണർ സെന്തിൽ നായകം പറയുന്നു.

Summary: Chennai-based Muonium AI is set to release a live-action AI animation of the epic Kamba Ramayanam by late March, based on a popular 1980s stage play. To overcome the limitations of standard AI in depicting Indian classical “Navarasas,” the team utilized motion capture technology featuring 30 volunteers, including engineers and students, performing on green screens. Produced on a modest budget of ₹1 crore, the film preserves legendary musical performances by SP Balasubrahmanyam and Vani Jayaram while initially launching in Tamil, Hindi, and English.