ഒരു സിനിമയുടെ ബജറ്റിൽ 50 സിനിമകൾ നിർമ്മിക്കാം ; ഹോളിവുഡിനെ ഞെട്ടിച്ച് റൺവേ സിഇഒ
ഹോളിവുഡ് സ്റ്റുഡിയോകൾ ഒരു ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്കായി ചിലവാക്കുന്ന 100 മില്യൺ ഡോളർ (ഏകദേശം 840 കോടി രൂപ) ഉപയോഗിച്ച് 50 സിനിമകൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്ന് റൺവേ സിഇഒ ക്രിസ്റ്റോബൽ വലൻസുവേല. ന്യൂയോർക്കിൽ നടന്ന സെമാഫോർ വേൾഡ് ഇക്കോണമി സമ്മിറ്റിലാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്.
വലിയൊരു തുക ഒരു സിനിമയിൽ മാത്രം നിക്ഷേപിക്കുന്നതിന് പകരം അത് 50 ചെറിയ പ്രോജക്റ്റുകൾക്കായി വീതിച്ചു നൽകിയാൽ, അതിൽ നിന്ന് മികച്ച ഹിറ്റുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ക്രിപ്റ്റിംഗ്, പ്രീ-പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX), എഡിറ്റിംഗ് എന്നിവയിൽ എഐ വലിയ തോതിൽ സമയം ലാഭിക്കുന്നു. ഇത് സിനിമ നിർമ്മാണത്തിന്റെ ചിലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.
വലിയ മുതൽമുടക്കുള്ള സിനിമകൾ പരാജയപ്പെടുമെന്ന ഭയത്താൽ പുതിയ പരീക്ഷണങ്ങൾക്ക് മുതിരാത്ത സ്റ്റുഡിയോകൾക്ക്, കുറഞ്ഞ ചിലവിൽ കൂടുതൽ സിനിമകൾ നിർമ്മിക്കുന്നത് വഴി പുതിയ കഴിവുകളെ കണ്ടെത്താനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും.
ഈ നീക്കം ചില ആശങ്കകളും ഉയർത്തുന്നുണ്ട്. സിനിമകളുടെ എണ്ണം കൂടുമ്പോൾ ക്വാളിറ്റി കുറയുമോ എന്നതാണ് പ്രധാന ചോദ്യം. കൂടാതെ, റൈറ്റർമാർ, എഡിറ്റർമാർ, വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ എന്നിവരുടെ തൊഴിലിനെ ഇത് എങ്ങനെ ബാധിക്കുമെന്നതും ചർച്ചയാകുന്നു. പുസ്തകങ്ങളുടെ ലോകത്ത് വർഷം തോറും ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ ഇറങ്ങുന്നത് പോലെ സിനിമയും ഒരു വലിയ വിപണിയായി മാറണമെന്നാണ് റൺവേയുടെ കാഴ്ചപ്പാട്.
Summary : Runway CEO Cristóbal Valenzuela suggests that instead of spending $100 million on a single blockbuster, studios could use AI to produce up to 50 smaller films, increasing the chances of success and creative experimentation.
While this approach could reduce costs and discover new talent, it also raises concerns about declining quality and the impact on jobs in the film industry.