“കുറ്റം ചെയ്യുന്നതിന് മുൻപേ ശിക്ഷ! കൊറിയയുടെ ആദ്യ AI ഫീച്ചർ ഫിലിം ‘ റിലീസിന്

AIസാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കൊറിയയിലെ ആദ്യത്തെ പൂർണ്ണദൈർഘ്യ സിനിമ ‘ഐ ആം പോപോ’ (I’m Popo)തിയേറ്ററുകളിലേക്ക്. കിം ഇൽ-ദോങ് സംവിധാനം ചെയ്ത 64 മിനിറ്റ് ദൈർഘ്യമുള്ള ഈ സയൻസ് ഫിക്ഷൻ ചിത്രം മെയ് 21-നാണ് റിലീസ് ചെയ്യുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ രൂപകൽപ്പന, പശ്ചാത്തലങ്ങൾ, വിഷ്വലുകൾ എന്നിവയെല്ലാം എഐ ടൂളുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ശബ്ദം നൽകുന്നതിനായി മാത്രമാണ് മനുഷ്യ സഹായം തേടിയിട്ടുള്ളത്.

മനുഷ്യരെ സംരക്ഷിക്കാനായി നിർമ്മിച്ച ‘പോപോ’ എന്ന റോബോട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. എന്നാൽ ഒരാൾ കുറ്റം ചെയ്യുന്നതിന് മുൻപ് തന്നെ അയാളുടെ ഭാവിയിലെ പ്രവർത്തികൾ പ്രവചിച്ചുകൊണ്ട് (Algorithm prediction) പോപോ ആളുകളെ വധിക്കാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നു. തന്റെ കുട്ടിയെ നഷ്ടപ്പെട്ട ഒരു പിതാവ് ഈ മെഷീനെതിരെ നിയമപോരാട്ടം നടത്തുന്നതും, എഐയുടെ ധാർമ്മികതയും ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2024-ലെ കൊറിയ എഐ കണ്ടന്റ് അവാർഡ്‌സിൽ ഗ്രാൻഡ് പ്രൈസ് ഈ ചിത്രം കരസ്ഥമാക്കി. സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിലും 2025-ലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

എഐ സഹായത്തോടെ സിനിമകൾ നിർമ്മിക്കുന്നത് സ്വതന്ത്ര സിനിമാ നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ നൽകുമെങ്കിലും, വിഷ്വലുകളിലെ സ്വാഭാവികതക്കുറവിനെക്കുറിച്ച് ചില പ്രേക്ഷകർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഹോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലകളിൽ എഐയുടെ കടന്നുകയറ്റത്തെക്കുറിച്ച് വലിയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൊറിയൻ ചിത്രത്തിന്റെ വരവ്.



Summary : I’m Popo, South Korea’s first full-length AI-generated movie, is set for theatrical release on May 21, featuring AI-created characters, visuals, and environments with only human voice actors involved in production. Directed by Kim Il-dong, the sci-fi film explores the ethical dangers of predictive AI through the story of a robot that begins killing people based on algorithmic crime predictions, sparking debate about AI’s growing role in cinema.