മാറ്റങ്ങളോടെ ഓസ്കാർ ;തിരക്കഥയും അഭിനയവും ഇനി കടുത്ത പരിശോധനയ്ക്ക് വിധേയമാകും: AIഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ

ഓസ്കർ അവാർഡുകളുടെ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നയപ്രഖ്യാപനവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് (AMPAS). . ജനറേറ്റീവ് എഐയുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കില്ലെങ്കിലും, അവാർഡിനായി പരിഗണിക്കുമ്പോൾ ആ സിനിമയുടെ പിന്നിലെ ‘മനുഷ്യന്റെ പങ്ക്’ എത്രത്തോളമുണ്ടെന്ന് അക്കാദമി കർശനമായി പരിശോധിക്കും.

തിരക്കഥാ വിഭാഗത്തിൽ (Screenplay) വ്യക്തമായ നിബന്ധനയുണ്ട്—തിരക്കഥകൾ പൂർണ്ണമായും മനുഷ്യൻ തന്നെ രചിച്ചതാകണം. എഐ സഹായത്തോടെ എഴുതുന്നവയെ അർഹമായ രീതിയിൽ മാത്രമേ പരിഗണിക്കൂ. ഒരു മനുഷ്യൻ നേരിട്ട് പെർഫോം ചെയ്തതും അയാളുടെ സമ്മതത്തോടെയുള്ളതുമായ പ്രകടനങ്ങൾ മാത്രമേ മികച്ച നടൻ/നടി വിഭാഗത്തിൽ പരിഗണിക്കൂ. വേഷങ്ങൾ എഐ വഴി സൃഷ്ടിച്ചതാണോ എന്ന് അക്കാദമിക്ക് ആവശ്യപ്പെട്ടാൽ നിർമ്മാതാക്കൾ വിശദീകരണം നൽകേണ്ടി വരും.

ഏറ്റവും വലിയ മാറ്റം വന്നത് വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ്. ഇനി മുതൽ ഒരു രാജ്യം ഔദ്യോഗികമായി അയക്കുന്ന ചിത്രങ്ങൾ മാത്രമല്ല, കാൻ (Cannes), വെനീസ്, ടൊറന്റോ തുടങ്ങിയ പ്രശസ്ത ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പുരസ്കാരം നേടുന്ന ചിത്രങ്ങൾക്കും നേരിട്ട് ഓസ്കറിൽ മത്സരിക്കാം. ഒരു നടന് തന്നെ ഒരേ കാറ്റഗറിയിൽ രണ്ട് വ്യത്യസ്ത സിനിമകളിലെ പ്രകടനത്തിന് നോമിനേഷൻ ലഭിക്കാൻ ഇനി മുതൽ തടസ്സമുണ്ടാകില്ല.

സിനിമയുടെ എൻഡ് ക്രെഡിറ്റിൽ വരുന്ന പാട്ടുകൾക്ക് അവാർഡ് ലഭിക്കണമെങ്കിൽ, സിനിമ തീരുന്നതിന് 15 സെക്കൻഡ് മുമ്പെങ്കിലും ആ പാട്ട് തുടങ്ങിയിരിക്കണം എന്ന നിബന്ധനയും കൊണ്ടുവന്നു. സിനിമയുടെ ക്രിയേറ്റീവ് പ്രക്രിയയിൽ മനുഷ്യൻ തന്നെയായിരിക്കണം കേന്ദ്രബിന്ദു എന്ന് അക്കാദമി പ്രസിഡന്റ് ലിനറ്റ് ഹൊവൽ ടെയ്‌ലർ പറഞ്ഞു.

എഐ വളരുന്നതിനനുസരിച്ച് ഓരോ വർഷവും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാൽ മികച്ച സിനിമകൾ സ്വന്തം രാജ്യം അയക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടുന്ന ചിത്രങ്ങളെ നേരിട്ട് ഉൾപ്പെടുത്താൻ തീരുമാനിച്ചത്.


Summary: Academy of Motion Picture Arts and Sciences has introduced its first official policy on AI use in films, stating that while generative AI is not banned, the level of human creative involvement will play a major role in Oscar consideration. The Academy clarified that screenplays must primarily be written by humans, and acting nominations will only recognize performances directly performed and consented to by real actors. AMPAS also updated international film eligibility rules, allowing award-winning films from major festivals like Cannes Film Festival and others to qualify directly for Oscar competition, even without official country submissions.