AIയെ ഭയപ്പെടേണ്ട, കീഴടക്കാം; ഇതൊരു പുതിയ തുടക്കമെന്ന് ഹോളിവുഡ്
സിനിമയുടെ ഭാവി AIതീരുമാനിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് ഹോളിവുഡ് എത്തിക്കഴിഞ്ഞു. വെറുമൊരു സാങ്കേതിക മാറ്റത്തിനപ്പുറം, സിനിമയുടെ നിർമ്മാണ രീതികളെ തന്നെ മാറ്റിമറിക്കുന്ന ‘ഇൻഫ്ലക്ഷൻ പോയിന്റിലാണിപ്പോൾ’ (Inflection Point) ലോക സിനിമ. 2026 ഫെബ്രുവരിയിൽ ബൈറ്റ്ഡാൻസ് പുറത്തിറക്കിയ ‘സീഡാൻസ് 2.0’ എന്ന AI വീഡിയോ ജനറേറ്റർ ഹോളിവുഡിനെ ഞെട്ടിച്ചു. വെറും രണ്ട് വരി പ്രോംപ്റ്റ് നൽകിയപ്പോൾ ടോം ക്രൂയിസും ബ്രാഡ് പിറ്റും തമ്മിൽ ഏറ്റുമുട്ടുന്ന സിനിമാ നിലവാരമുള്ള ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തയ്യാറായി. ഇത് നടീനടന്മാരുടെയും ക്രിയേറ്റർമാരുടെയും ഇടയിൽ വലിയ ആശങ്കയുണ്ടാക്കി. “നമ്മുടെ കാലം കഴിഞ്ഞു” എന്ന് ‘ഡെഡ്‌പൂൾ’ തിരക്കഥാകൃത്ത് റെറ്റ് റീസ് ഇതിനോട് പ്രതികരിച്ചത് ഈ ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ ഹോളിവുഡ് പുറമെ എഐയെ എതിർക്കുമ്പോഴും, അണിയറയിൽ ഇതിന്റെ ഉപയോഗം വ്യാപകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘എൽ എറ്റേർനൗട്ട’ (El Eternauta) എന്ന സീരീസിൽ മാസങ്ങൾ എടുക്കേണ്ട വിഎഫ്എക്സ് (VFX) ജോലികൾ എഐ ഉപയോഗിച്ച് പത്തിരട്ടി വേഗത്തിൽ പൂർത്തിയാക്കി. ഇതിൽ കഥാപാത്രങ്ങളുടെ പ്രായം കുറയ്ക്കാൻ (De-aging) ജനറേറ്റീവ് എഐ ഉപയോഗിച്ചു. സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ചീഫ് എഐ ഓഫീസറെ തന്നെ നിയമിച്ചു.
ഹോളിവുഡ് സിനിമാ നിർമ്മാണ രംഗത്ത് AI വലിയ ഭീഷണിയാണെന്ന വാദങ്ങൾക്കിടയിൽ, ഈ ടെക്നോളജിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു പറഞ്ഞു പ്രമുഖ നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നു. പ്രശസ്ത നിർമ്മാതാവ് മൈക്കൽ ഷാംബെർഗ് പറയുന്നത് ഹോളിവുഡ് ഈ സാങ്കേതികവിദ്യയെ നയിക്കണമെന്നാണ്. “നമ്മൾ ഇത് ചെയ്തില്ലെങ്കിൽ ടെക് കമ്പനികൾ സിനിമ പിടിക്കും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന വലിയ ദൃശ്യങ്ങൾ ഇന്ന് വെറും തുച്ഛമായ തുകയ്ക്ക് AI വഴി ചെയ്യാമെന്നത് ഒരു യാഥാർത്ഥ്യമാണ്.
എഐ ഉപയോഗിക്കുമ്പോൾ നടീനടന്മാരുടെ അനുമതി വാങ്ങണമെന്നും അവർക്ക് കൃത്യമായ പ്രതിഫലം നൽകണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റഫർ നോളൻ, ജോസഫ് ഗോർഡൻ-ലെവിറ്റ് തുടങ്ങിയവർ രംഗത്തുണ്ട്. കാലിഫോർണിയ ഇതിനകം തന്നെ ഡിജിറ്റൽ റെപ്ലിക്ക ലോ (Digital Replica Law) പാസാക്കി സുരക്ഷ ഉറപ്പാക്കി തുടങ്ങിയിട്ടുണ്ട്.
ശബ്ദവും നിറവും സിനിമയിൽ വന്നപ്പോൾ ഉണ്ടായതിന് സമാനമായ ഒരു മാറ്റമാണ് ഇപ്പോൾ എഐ കൊണ്ടുവരുന്നത്. മാറ്റങ്ങളെ ഉൾക്കൊള്ളുന്നവർ മാത്രം നിലനിൽക്കുന്ന ഒരു കാലത്തേക്കാണ് ഹോളിവുഡ് സിനിമ ലോകം കടന്നു പോകുന്നത്.
Summary : Hollywood is currently at a critical inflection point where generative AI tools like Seedance 2.0 are revolutionizing production by creating cinema-quality visuals in seconds, sparking both awe and professional anxiety among creators. While some industry leaders view AI as an existential threat to creative rights, major studios are already secretly integrating it to drastically reduce the time and cost of complex VFX and de-aging processes. To navigate this shift, prominent figures are calling for a proactive strategy that embraces AI innovation while establishing strict legal protections for performers’ digital likenesses and compensation.