എഐ കഥപറച്ചിലിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കും, പക്ഷെ ജാഗ്രത വേണം; ബാലി APOS സമ്മിറ്റിൽ’ ഹോളിവുഡ് താരങ്ങൾ
ലഭ്യതക്കുറവുകളും സാമ്പത്തിക പരിമിതികളും കാരണം ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സിനിമയിൽ കഥകൾ പറയാൻ സാധിക്കാതെ പോകുന്ന അവസ്ഥയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിഹാരമാകുമെന്ന് പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ആൻഡി സെർക്കിസ് (Andy Serkis). ബാലിയിൽ നടന്ന ഏഷ്യാ പസഫിക്കിലെ പ്രമുഖ മീഡിയ, സ്ട്രീമിംഗ് ഉച്ചകോടിയായ ‘അപ്പോസ് 2026’-ൽ (APOS 2026) ന്യൂസിലാൻഡിൽ നിന്നും വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ ചിത്രമായ ‘ദി ലോർഡ് ഓഫ് ദി റിങ്സ്: ദി ഹണ്ട് ഫോർ ഗൊല്ലം’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അദ്ദേഹം ഉച്ചകോടിയുടെ ഭാഗമായത്. മീഡിയ പാർട്ണേഴ്സ് ഏഷ്യയാണ് ഈ വാർഷിക സമ്മേളനം സംഘടിപ്പിച്ചത്.
“ക്രിയേറ്റീവ് രംഗം വികസിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തവും വർദ്ധിക്കുന്നു. ഏതൊരു സാങ്കേതികവിദ്യയെയും പോലെ, നമ്മൾ എത്രത്തോളം ഉത്തരവാദിത്തത്തോടെയാണ് ഇത് ഉപയോഗിക്കുന്നത് എന്നതിലാണ് കാര്യം,” ആൻഡി സെർക്കിസ് പറഞ്ഞു.
എഐയുടെ വരവോടെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്ത് കൈമാറ്റത്തിനാകും (Transfer of wealth) ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ലെജൻഡറി എന്റർടൈൻമെന്റിന്റെ മുൻ സിഇഒ തോമസ് ടുൾ (Thomas Tull) അഭിപ്രായപ്പെട്ടു. നിലവിലുള്ള തൊഴിൽ രീതികൾക്ക് മുകളിൽ ഒരു അധിക ഫീച്ചർ എന്ന നിലയിൽ മാത്രം എഐയെ കാണാതെ, എഐക്ക് ചുറ്റുമായി തങ്ങളുടെ പ്രധാന പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കാത്ത കമ്പനികൾ അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ വിപണിയിൽ നിന്നും അപ്രസക്തമായി പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവിധ മേഖലകളിൽ നിന്നുള്ള അഞ്ച് പ്രമുഖ പ്രഭാഷകരും ഒരേ കാര്യത്തിലാണ് ഉച്ചകോടിയിൽ ഊന്നൽ നൽകിയത്: എഐ ടൂളുകൾ മനുഷ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാൽ എന്താണ് നിർമ്മിക്കേണ്ടത്, ഏതാണ് മൂല്യമുള്ളത് എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം എപ്പോഴും അത് നിർമ്മിക്കുന്ന മനുഷ്യനിൽ തന്നെയായിരിക്കും അവശേഷിക്കുക.
Summary : At the APOS 2026 summit in Bali, Hollywood actor-director Andy Serkis highlighted that AI democratizes storytelling by removing systemic socio-economic barriers, though it demands increased creative responsibility. Concurrently, former Legendary Entertainment CEO Thomas Tull warned that AI will trigger the largest wealth transfer in history, rendering companies irrelevant within three to five years if they fail to fundamentally rebuild their operations around the technology.