ബൈറ്റ്ഡാൻസിന്റെ ‘സീഡാൻസ് 2.0’ (SeeDance 2.0) ആഗോള റിലീസ് നിർത്തിച്ചുവെച്ചു

എഐ വീഡിയോ ജനറേഷൻ രംഗത്ത് വിസ്മയങ്ങൾ തീർത്ത സീഡാൻസ് 2.0-ന്റെ ആഗോള റിലീസ് ബൈറ്റ്ഡാൻസ് നിർത്തിവെച്ചു. ഡിസ്നി (Disney), പാരാമൗണ്ട് സ്കൈഡാൻസ് (Paramount Skydance) തുടങ്ങിയ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളിൽ നിന്നും മോഷൻ പിക്ചർ അസോസിയേഷനിൽ (MPA) നിന്നും ലഭിച്ച കടുത്ത നിയമനോട്ടീസുകളെത്തുടർന്നാണ് ഈ പിന്മാറ്റം.നിലവിൽ ചൈനയിൽ മാത്രമാണ് ഈ ടൂൾ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞ മാസം സീഡാൻസ് ഉപയോഗിച്ച് നിർമ്മിച്ച ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ടോം ക്രൂയിസും ബ്രാഡ് പിറ്റും തമ്മിലുള്ള സംഘട്ടന രംഗം, സ്റ്റാർ വാർസ് (Star Wars) സീനുകൾ എന്നിവ ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയാണ്. അനുവാദമില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെയും സിനിമകളെയും എഐയെ പഠിപ്പിക്കാൻ (AI Training) ഉപയോഗിച്ചു എന്നാണ് സ്റ്റുഡിയോകളുടെ പ്രധാന പരാതി. സ്പൈഡർമാൻ, ഡാർത്ത് വേഡർ തുടങ്ങിയ ഐക്കോണിക്ക്‌ കഥാപാത്രങ്ങളെ കോപ്പിറൈറ്സ് ഇല്ലാതെ സീഡാൻസ് ഉപയോഗിച്ചുവെന്ന് ഡിസ്നി ആരോപിച്ചിരുന്നു . ‘ദി ഗോഡ്ഫാദർ’, ‘സ്റ്റാർ ട്രെക്ക്’ തുടങ്ങിയ സിനിമകളുടെ അവകാശ ലംഘനത്തെക്കുറിച്ച് പാരാമൗണ്ട് സ്കൈഡാൻസും നോട്ടീസ് നൽകി. മാർച്ച് പകുതിയോടെ ലോകമെമ്പാടും ഈ ടൂൾ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പ്ലാൻ. എന്നാൽ ഇപ്പോൾ പകർപ്പവകാശ പ്രശ്നങ്ങൾ പരിഹരിക്കാനും കൂടുതൽ സുരക്ഷാ (Guardrails) ഒരുക്കാനും എൻജിനീയർമാർക്കും നിയമവിദഗ്ധർക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.

സാധാരണയായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഫിസിക്കൽ ഇഫക്റ്റുകളും ഹൈ-ക്വാളിറ്റി വീഡിയോകളും വെറും നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ കഴിവുള്ള ടൂളാണിത്. ഇതിന്റെ ഗുണമേന്മ തന്നെയാണ് ഹോളിവുഡിനെ ഭയപ്പെടുത്തുന്നത് എന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.

Summary: ByteDance has suspended the global release of its advanced AI video tool, SeeDance 2.0, following legal pressure and copyright infringement notices from major Hollywood studios like Disney and Paramount. The controversy erupted after AI-generated clips featuring iconic characters and actors went viral, leading studios to allege that their intellectual property was used without permission to train the model. While originally planned for a mid-March rollout, the company is now focusing on implementing stricter guardrails and resolving legal disputes before considering a worldwide launch.