ലോകം കാത്തിരിക്കുന്ന ആ കഥ നിങ്ങളുടേതാകാം:സിലിക്കൺ വാലി ഫിലിം ഫണ്ട് തിരക്കഥകൾ ക്ഷണിക്കുന്നു ; തെരെഞ്ഞെടുക്കുന്ന തിരക്കഥയ്ക്ക് 15,000 ഡോളർ ഗ്രാന്റ്
സിലിക്കൺ വാലിയിലെ ടെക് ലോകത്തെ ആസ്പദമാക്കി പുതിയ സിനിമകൾക്ക് പ്രോത്സാഹനം നൽകാൻ സിലിക്കൺ വാലി ഫിലിം ഫണ്ട് ആരംഭിച്ചു. ടെക് വ്യവസായത്തിന്റെ യഥാർത്ഥ കഥകൾ സിനിമയായി പറയുന്ന സംവിധായകരെ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടമായി, 15 മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് 15,000 ഡോളർ (ഏകദേശം 12 ലക്ഷം രൂപ) ഗ്രാന്റ് നൽകും.
ടെക്നോളജി ലോകത്തിന്റെ പ്രവർത്തനരീതിയും മനുഷ്യരുടെ ബന്ധങ്ങളും സമൂഹത്തിന്റെ ഘടനയും വലിയ രീതിയിൽ മാറ്റിയിട്ടുണ്ട്. എന്നാൽ അതിന്റെ യഥാർത്ഥ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ വളരെ കുറവാണെന്നാണ് ഫണ്ടിന്റെ വിലയിരുത്തൽ. The Social Network, Her, Steve Jobs, BlackBerry തുടങ്ങിയ സിനിമകൾ ടെക് ലോകത്തെ കുറിച്ച് സംസാരിച്ചെങ്കിലും അവയുടെ എണ്ണം വളരെ കുറവാണെന്നും പുതിയ തലമുറയുടെ കഥകൾ പറയേണ്ട സമയമാണിതെന്നും ഫണ്ട് വ്യക്തമാക്കുന്നു. എഐയുടെ വളർച്ചയും ടെക് വ്യവസായത്തിലെ വലിയ മാറ്റങ്ങളും നടക്കുന്നതിനാൽ ഈ കാലഘട്ടം സിനിമയിൽ രേഖപ്പെടുത്തുന്നത് അത്യന്തം പ്രധാനമാണെന്നും അവർ പറയുന്നു.
സാൻ ഫ്രാൻസിസ്കോയിൽ ഒരു പുതിയ സിനിമാ വ്യവസായത്തിന് തുടക്കമിടുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ടെക് പശ്ചാത്തലമുള്ള പുതിയ തലമുറ എഴുത്തുകാരെയും സംവിധായകരെയും നിർമ്മാതാക്കളെയും വളർത്തിക്കൊണ്ടുവരികയും, തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കാവുന്ന വലിയ സിനിമകൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
എങ്ങനെ അപേക്ഷിക്കാം?
ഈ ഫണ്ട് ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ തിരക്കഥകൾ scripts@svfilm.fund എന്ന വിലാസത്തിലേക്ക് അയക്കാം. 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ഇവർ തേടുന്നത്. ജൂൺ 10-നകം തിരക്കഥകൾ സമർപ്പിക്കണം.
Summary: The Silicon Valley Film Fund has been launched to support films that tell authentic stories from the technology industry. The fund will award a $15,000 grant to one filmmaker to produce a 15–20 minute short film. Writers and filmmakers with real experiences related to the tech world can submit their scripts to scripts@svfilm.fund before June 10.