വിഷ്വലുകളും മ്യൂസിക്കും ഇനി വേറെ ലെവൽ;Seedance 2.0 ഇനി ഫിഗ്മ വീവിൽ

ക്രിയേറ്റീവ് ഡിസൈൻ AI പ്ലാറ്റ്‌ഫോമായ ഫിഗ്മ വീവിൽ (Figma Weave) പുതിയ വീഡിയോ മോഡലായ Seedance 2.0 എത്തി. പ്ലാറ്റ്‌ഫോമിലെ വീഡിയോ മോഡൽ ‘സ്ട്രെസ് ടെസ്റ്റുകളിൽ’ (Stress Test) എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മോഡലായി Seedance 2.0 മാറിയെന്നാണ് റിപ്പോർട്ടുകൾ.

സിനിമകളിലെ പോലെ സങ്കീർണ്ണമായ ക്യാമറ ചലനങ്ങൾ എഐയുടെ സഹായത്തോടെ അനായാസം നിയന്ത്രിക്കാൻ ഇതിന് സാധിക്കുന്നു. ഒരേ വീഡിയോയിൽ തന്നെ പല ഷോട്ടുകൾ (Multi-shot) കൃത്യതയോടെ ഉൾപ്പെടുത്താനുള്ള ശേഷി ഇതിനെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടു നിർത്തുന്നു. ദൃശ്യങ്ങൾക്ക് അനുയോജ്യമായ സംഗീതം അമ്പരപ്പിക്കുന്ന രീതിയിൽ കോർത്തിണക്കാൻ ഈ മോഡലിന് സാധിക്കും.

Seedance 2.0 ഇത്രയേറെ കരുത്തനാണെങ്കിലും നിലവിൽ ഈ മോഡൽ മനുഷ്യമുഖങ്ങളെ പൂർണ്ണമായും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. യഥാർത്ഥ മനുഷ്യരുടെയോ എഐ നിർമ്മിത മനുഷ്യരുടെയോ മുഖങ്ങൾ ഈ മോഡൽ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയില്ല.അതിനാൽ മനുഷ്യരെ ഉൾപ്പെടുത്തി വീഡിയോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇപ്പോൾ പൂർണ്ണമായി അനുയോജ്യമല്ല. എന്നാൽ മറ്റ് സിനിമാറ്റിക് ദൃശ്യങ്ങൾക്കും അനിമേഷനുകൾക്കും ഇത് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ചതാണ്.