വ്യക്തിത്വ അവകാശ സംരക്ഷണം: മോഹൻലാൽ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്റെ ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിൽ നടൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും. AI ഉപയോഗിച്ചുള്ള വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അനുമതിയില്ലാതെ നടത്തുന്ന ഇത്തരം വാണിജ്യ നീക്കങ്ങൾ വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് സംരക്ഷണം വേണമെന്നും ഹർജിയിൽ പറയുന്നു.

ഇതേ ആവശ്യവുമായി സിനിമാ, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, അമിതാഭ് ബച്ചൻ എന്നിവരും തങ്ങളുടെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി ഇതിനകം നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ നൽകിയ ഹർജിയും കോടതി പരിഗണിച്ചിരുന്നു.

Summary : Actor Mohanlal has approached the Delhi High Court seeking protection of his personality rights against unauthorized use of his voice, images, and likeness. He raised concerns over misuse through AI-generated videos, morphed images, and fake advertisements on digital platforms. The court is set to hear the plea, following similar petitions filed by other celebrities.