ഹോളിവുഡ് താരങ്ങളെ ചൈനീസ് AI ‘അടിച്ചുമാറ്റി’; നിയമയുദ്ധവുമായി ഡിസ്നി

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് (ByteDance) പുറത്തിറക്കിയ Seedance 2.0 എന്ന പുതിയ എഐ വീഡിയോ ജനറേറ്റർ സിനിമാ ലോകത്ത് വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ ഡിസ്നിയുടെ ആനിമേഷൻ ശൈലികളും കഥാപാത്രങ്ങളും അനുവാദമില്ലാതെ Seedance 2.0 ഉപയോഗിക്കുന്നുണ്ടെന്ന് ഡിസ്നി കണ്ടെത്തി. മിക്കി മൗസ്, മാർവൽ കഥാപാത്രങ്ങൾ തുടങ്ങിയവയുടെ അവകാശം ഡിസ്നിക്കാണ്. ഇവ എഐ ഉപയോഗിച്ച് റീ-ക്രിയേറ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ഡിസ്നിയുടെ വാദം.

എന്താണ് സംഭവിച്ചത്?
ഡിസ്നിയുടെ പകർപ്പവകാശമുള്ള കഥാപാത്രങ്ങളെയും (ഉദാഹരണത്തിന് സ്പൈഡർമാൻ, ഡാർത്ത് വേഡർ) ഹോളിവുഡ് താരങ്ങളുടെ മുഖവും അനുവാദമില്ലാതെ ഈ എഐ ടൂൾ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് ഡിസ്നിയും മോഷൻ പിക്ചർ അസോസിയേഷനും (MPA) രംഗത്തെത്തിയത്.

ടോം ക്രൂയിസും ബ്രാഡ് പിറ്റും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന വീഡിയോകൾ ഈ എഐ വഴി നിർമ്മിച്ച് പ്രചരിച്ചിരുന്നു. ഇത് യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു. അങ്ങനെ ഡിസ്നിയുടെ കഥാപാത്രങ്ങളെ പൊതുസ്വത്തെന്ന പോലെയാണ് ബൈറ്റ്ഡാൻസ് ഉപയോഗിക്കുന്നത്” എന്ന് ആരോപിച്ച് ഡിസ്നി കമ്പനിക്ക് വക്കീൽ നോട്ടീസ് (Cease-and-desist letter) അയച്ചു.

ഹോളിവുഡ് കമ്പനികളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് തങ്ങളുടെ ആപ്പിൽ മാറ്റങ്ങൾ വരുത്താമെന്ന് ബൈറ്റ്ഡാൻസ് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. തങ്ങൾ ബൗദ്ധിക സ്വത്തവകാശങ്ങളെ (Intellectual Property) ബഹുമാനിക്കുന്നുവെന്നും, ഇത്തരം നിയമവിരുദ്ധമായ ഉപയോഗങ്ങൾ തടയാൻ ആപ്പിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ (Safeguards) കൊണ്ടുവരുമെന്നും ബൈറ്റ്ഡാൻസ് അറിയിച്ചു.

ഇതിനോടകം യഥാർത്ഥ വ്യക്തികളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന സൗകര്യം അവർ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.ഈ സംഭവം ഒരു പുതിയ മാറ്റത്തിന് തുടക്കമാണ്. ഭാവനയുള്ള ആർക്കും സിനിമ പിടിക്കാം എന്ന സാഹചര്യം ഒരുവശത്ത് സന്തോഷം നൽകുമ്പോൾ, നിലവിലുള്ള കലാകാരന്മാരുടെ അധ്വാനവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.