AI കഥപറയാൻ തുടങ്ങുമ്പോൾ മനുഷ്യന്റെ കഥയെന്താവും?
ഭാഗം 01
മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഏറ്റവും വലിയ ശക്തി എന്താണെന്ന് ചോദിച്ചാൽ, അത് ആയുധങ്ങളോ പണമോ അല്ല. മറിച്ച് ‘കഥകളാണ് (Stories) ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സവാന പുൽമേടുകളിൽ അലഞ്ഞുതിരിഞ്ഞിരുന്ന വേട്ടക്കാരായ മനുഷ്യർ (Homo Sapiens), മറ്റെല്ലാ ജീവിവർഗ്ഗങ്ങളെയും അതിജീവിച്ചത് അവർക്ക് ഒരുമിച്ച് നിന്ന് കഥകൾ മെനയാൻ കഴിഞ്ഞതുകൊണ്ടാണ്.
മിത്തുകളും, മതങ്ങളും, രാഷ്ട്രങ്ങളും, നിയമങ്ങളും എല്ലാം മനുഷ്യൻ ഭാവനയിൽ മെനഞ്ഞെടുത്ത കഥകളാണ്. ആ കഥ പറയൽ കലയുടെ ഏറ്റവും ആധുനികവും ശക്തവുമായ രൂപമാണ് സിനിമ.
കഴിഞ്ഞ നൂറിലധികം വർഷങ്ങളായി സിനിമ എന്നത് ഭാവനയുടെയും പണത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഒരു മഹാസംഗമമായിരുന്നു. ഒരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾക്ക് വലിയ സ്റ്റുഡിയോകൾ വേണമായിരുന്നു, വിലകൂടിയ ക്യാമറകൾ വേണമായിരുന്നു, നൂറുകണക്കിന് മനുഷ്യരുടെ അധ്വാനം വേണമായിരുന്നു.
അതായത്, ലോകത്തോട് ഒരു കഥ പറയാനുള്ള ‘അധികാരം’ (Authority) വളരെ കുറച്ചുപേരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്നു. എന്നാൽ 2026-ൽ നാം നിൽക്കുന്നത് ആ അധികാരകേന്ദ്രം തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇതിനെ ‘സിനിമയുടെ ജനാധിപത്യവൽക്കരണം’ എന്ന് വിളിക്കുന്നവരുണ്ട്. അതിന് വഴിമരുന്നിട്ടതാകട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പുതിയ പ്രതിഭാസവും.
എന്താണ് യഥാർത്ഥത്തിൽ ഈ എഐ ഫിലിം മേക്കിങ്?
പലരും കരുതുന്നത് എഐ എന്നത് വെറുമൊരു കമ്പ്യൂട്ടർ പ്രോഗ്രാം മാത്രമാണെന്നാണ്. എന്നാൽ സത്യം അതല്ല.
മനുഷ്യൻ ഇതുവരെ നിർമ്മിച്ച കോടിക്കണക്കിന് ദൃശ്യങ്ങളെയും, ലക്ഷക്കണക്കിന് തിരക്കഥകളെയും, സംഗീതത്തെയും വിശകലനം ചെയ്ത് പഠിച്ച ഒരു ‘ഡിജിറ്റൽ മസ്തിഷ്കമാണ്’ അത്. അതുകോണ്ടാവുമല്ലോ, മൈക്രോ സോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാൻ എഐ ഒരു ഡിജിറ്റൽ സ്പീഷിസ് ആണെന്ന് വിളിച്ചത്.
നമ്മൾ ഒരു ക്യാമറ ഉപയോഗിച്ച് ഒരു ദൃശ്യം പകർത്തുന്നതിന് പകരം, നമ്മുടെ മനസ്സിലുള്ള ദൃശ്യത്തെ വാക്കുകളിലൂടെ (Prompts) ആ മസ്തിഷ്കത്തിന് വിവരിച്ചുകൊടുക്കുന്നു. അത് നിമിഷങ്ങൾക്കുള്ളിൽ ആ ദൃശ്യത്തെ യാഥാർത്ഥ്യമാക്കുന്നു.
ഇവിടെ സംഭവിക്കുന്നത് ഒരു വലിയ മാറ്റമാണ്: ക്രിയേറ്റിവിറ്റി എന്നത് ഇനിമുതൽ സാങ്കേതിക തികവിന്റെ അടിമയല്ല. നിങ്ങൾക്ക് ക്യാമറ ചലിപ്പിക്കാൻ അറിയില്ലായിരിക്കാം, നിങ്ങൾക്ക് വെളിച്ചം ക്രമീകരിക്കാൻ അറിയില്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് ‘സ്വപ്നം കാണാൻ’ അറിയാമെങ്കിൽ, ആ സ്വപ്നത്തെ ഒരു സിനിമാ ദൃശ്യമാക്കി മാറ്റാൻ എഐ നിങ്ങളെ സഹായിക്കും.
പക്ഷേ അവിടെയും ഡോമൈൻ എക്സ്പർട്ടുകൾക്ക് വിലയുണ്ട്. കാരണം എവിടെ എന്ത്, എങ്ങനെ കോടുക്കണം എന്ന് എഐയോട് നന്നായി പറഞ്ഞു കോടുക്കാൻ ഡോമൈൻ എക്സ്പേർട്ടിന് മാത്രമേ പറ്റുകയുള്ളൂ.
ഹരാരിയുടെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യൻ എപ്പോഴും ഉപകരണങ്ങളെ ഭയന്നിട്ടുണ്ട്. കമ്പ്യൂട്ടറുകൾ വന്നപ്പോൾ കണക്കെഴുത്തുകാർ പേടിച്ചു, മെഷീനുകൾ വന്നപ്പോൾ തൊഴിലാളികൾ പേടിച്ചു. ഇപ്പോൾ എഐ വരുമ്പോൾ കലാകാരന്മാർ പേടിക്കുന്നു. “ഒരു മെഷീന് എങ്ങനെ കല സൃഷ്ടിക്കാൻ കഴിയും?” എന്നതാണ് പ്രധാന ചോദ്യം.
കല എന്നത് മനുഷ്യന്റെ വികാരങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഒന്നാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ സത്യത്തിൽ വികാരങ്ങൾ എന്നത് ജൈവശാസ്ത്രപരമായ ചില അൽഗോരിതങ്ങൾ (Biological Algorithms) മാത്രമാണ്. ഒരു സങ്കടകരമായ രംഗം കാണുമ്പോൾ നിങ്ങളുടെ കണ്ണുനിറയുന്നത് നിങ്ങളുടെ തലച്ചോറിലെ ചില കെമിക്കലുകളുടെ പ്രവർത്തനഫലമാണ്.
ആ കെമിക്കലുകളെ ഉത്തേജിപ്പിക്കാൻ ഏത് തരത്തിലുള്ള ദൃശ്യങ്ങളാണ് വേണ്ടതെന്ന് ഒരു എഐയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ, മനുഷ്യനേക്കാൾ മികച്ച രീതിയിൽ വികാരങ്ങളെ സ്പർശിക്കുന്ന സിനിമകൾ നിർമ്മിക്കാൻ എഐയ്ക്ക് സാധിക്കില്ലേ? അതാണ് ബില്യൺ ഡോളർ ചോദ്യം !!
ഇനി വരാനിരിക്കുന്ന കാലത്ത് ‘ഫിലിം മേക്കർ’ എന്ന വാക്കിന്റെ അർത്ഥം മാറും. അദ്ദേഹം ഒരു വലിയ സെറ്റിൽ നിന്ന് ആജ്ഞകൾ നൽകുന്ന ആളായിരിക്കില്ല. പകരം, അദ്ദേഹം ഒരു ‘ക്യുറേറ്റർ’ (Curator) ആയിരിക്കും. എഐ നൽകുന്ന ആയിരക്കണക്കിന് സാധ്യതകളിൽ നിന്ന്, ഏറ്റവും മികച്ചതിനെ തിരഞ്ഞെടുക്കാനും അതിന് മനുഷ്യത്വത്തിന്റെ സ്പർശം നൽകാനും കഴിയുന്നവനാകും ഭാവിയിലെ സംവിധായകൻ.
ഈ തിരഞ്ഞെടുപ്പിനാണ ഞാൻ നേരത്തേ പറഞ്ഞ ഡോമൈൻ എക്സ്പേർട്ടുകൾക്ക് പ്രധാനപ്പെട്ട കാര്യമായി വരുന്നത്.
ഇത് സിനിമയുടെ അന്ത്യമല്ല, മറിച്ച് സിനിമയുടെ അതിരുകളില്ലാത്ത വളർച്ചയാണ്. വലിയ ഫണ്ടിങോ, കമ്പനികളെയോ പിൻബലമില്ലാതെ ഒരാൾക്ക് ഹോളിവുഡ് നിലവാരത്തിലുള്ള ഒരു സയൻസ് ഫിക്ഷൻ സിനിമ നിർമ്മിക്കാൻ കഴിയുന്ന കാലം!!. ഒരു വലിയ ബജറ്റിന്റെയോ നിർമ്മാതാവിന്റെയോ സമ്മർദ്ദമില്ലാതെ സ്വന്തം രാഷ്ട്രീയം ദൃശ്യങ്ങളിലൂടെ പറയാൻ കഴിയുന്ന കാലം.
ഈ പരമ്പരയിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത് വെറും സാങ്കേതിക വിദ്യയല്ല, മറിച്ച് ഈ മാറ്റം നമ്മളെ എവിടേക്കാണ് എത്തിക്കുക എന്ന ചിന്തയാണ്. എഐ നിർമ്മിക്കുന്ന ദൃശ്യങ്ങളിൽ മനുഷ്യന്റെ ‘ആത്മാവ്’ ഉണ്ടാകുമോ? അതോ അത് വെറും മിഷിൻ കൃത്യത മാത്രമായിരിക്കുമോ?
തൊഴിൽ നഷ്ടപ്പെടുമോ?: എഡിറ്റർമാരും ക്യാമറമാൻമാരും കലാസംവിധായകരും ഇല്ലാതാകുമോ? അതോ അവരുടെ ജോലി പുതിയ രീതിയിലേക്ക് പരിണമിക്കുമോ?
സത്യം ഏത് മിഥ്യ ഏത്? കണ്ണിനെ വിശ്വസിക്കാൻ പറ്റാത്ത വിധം എഐ ദൃശ്യങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, സിനിമയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് എങ്ങനെ മായും?
അപ്പോൾ പറഞ്ഞുവരുന്നത്, നമ്മൾ ഒരു മഹാവിപ്ലവത്തിന്റെ തുടക്കത്തിലാണ്. തീ കണ്ടുപിടിച്ചതും ചക്രം കണ്ടുപിടിച്ചതും പോലെ മനുഷ്യചരിത്രത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്ന്.