“ഇത് നൂറു ശതമാനം മനുഷ്യ നിർമ്മിതം”;സിനിമയിൽ ഇനി ‘AI-Free’ ലേബൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദൃശ്യങ്ങളും കഥകളും നിർമ്മിക്കുന്ന കാലത്ത്, “ഈ സിനിമയിൽ AI ഉപയോഗിച്ചിട്ടില്ല” എന്ന് സാക്ഷ്യപ്പെടുത്തുന്ന പുതിയ സർട്ടിഫിക്കേഷൻ വരുന്നു. സിനിമ , സംഗീതം, മറ്റ് കലാരൂപങ്ങൾ എന്നിവ എഐയുടെ സഹായമില്ലാതെ മനുഷ്യർ തന്നെ നിർമ്മിച്ചതാണെന്ന് പ്രേക്ഷകർക്ക് ഉറപ്പുനൽകാനാണ് ഈ AI-Free ലേബലുകൾ ലക്ഷ്യമിടുന്നത്.
‘നോട്ട് ബൈ എഐ’ (Not By AI), ‘മൈൻഡ്സ്റ്റാർ സ്റ്റാൻഡേർഡ്’ (MindStar Standard) തുടങ്ങിയ ഏജൻസികളാണ് സിനിമകൾക്ക് ഇത്തരം അംഗീകാരങ്ങൾ നൽകുന്നത്. ഒരു സിനിമയിൽ മനുഷ്യന്റെ സർഗ്ഗാത്മകത മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഈ ലേബൽ ഉപയോഗിക്കാൻ അനുവാദം ലഭിക്കൂ.
ടെക്സ്റ്റ് നൽകി വീഡിയോ ഉണ്ടാക്കുന്ന സോറ (Sora), മിഡ്ജേർണി (Midjourney) തുടങ്ങിയവയോ, ശബ്ദം അനുകരിക്കുന്ന ഡിസ്ക്രിപ്റ്റ് (Descript) പോലുള്ള ടൂളുകളോ ഉപയോഗിച്ചാൽ ആ സിനിമയ്ക്ക് ‘AI-Free‘ പദവി ലഭിക്കില്ല. ക്യാമറയിലെ ഓട്ടോഫോക്കസ്, ദൃശ്യങ്ങളിലെ നോയിസ് കുറയ്ക്കാനുള്ള സോഫ്റ്റ്വെയറുകൾ, കളർ ഗ്രേഡിംഗ് ടൂളുകൾ എന്നിവ ഉപയോഗിക്കുന്നത് തടസ്സമല്ല.
AI ദൃശ്യങ്ങൾ തിരിച്ചറിയാൻ പ്രയാസമാകുന്ന കാലത്ത്, മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ സിനിമകൾക്ക് പ്രത്യേക മൂല്യം നൽകാൻ ഇത് സഹായിക്കും. യൂറോപ്യൻ പാർലമെന്റിന്റെ പുതിയ നിയമങ്ങൾ പ്രകാരം AI ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടതുണ്ട്. 2026-ലെ ഓസ്കാർ അവാർഡുകൾക്കും എഐയെ ഒരു ‘സ്രഷ്ടാവായി’ അംഗീകരിക്കില്ലെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്.
Summary : “AI-Free” certification labels are emerging to verify that films and creative works are made entirely by humans without the use of generative AI tools. Organizations like Not By AI and AI Free Cert grant these labels only after confirming human-driven creativity, excluding tools like Sora and Midjourney. As AI-generated content becomes harder to detect, these certifications, along with regulations from the European Parliament, aim to ensure transparency and preserve the value of human-created art.