സോറയോട് വിടപറഞ്ഞ് ഓപ്പൺ എഐ; ഡിസ്‌നിയുമായുള്ള കോടികളുടെ കരാറും റദ്ദാക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച വീഡിയോ ജനറേറ്ററായ ‘സോറ’ (Sora) പ്രവർത്തനം അവസാനിപ്പിക്കുന്നു. ആപ്പും വെബ്‌സൈറ്റും പുറത്തിറക്കി വെറും ആറുമാസത്തിനകമാണ് അപ്രതീക്ഷിതമായി സോറയോട് വിടപറയുകയാണെന്ന് ഓപ്പൺ എഐ (OpenAI) പ്രഖ്യാപിച്ചത്. ഇതോടെ ഡിസ്‌നിയുമായി (Disney) അടുത്തിടെ ഒപ്പിട്ട 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) കരാറും അസാധുവായി.

ചൊവ്വാഴ്ച എക്‌സിലൂടെയാണ് (X) കമ്പനി ഈ വിവരം പങ്കുവെച്ചത്. “സോറ ഉപയോഗിച്ച് വീഡിയോകൾ നിർമ്മിക്കുകയും ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. നിങ്ങൾ നിർമ്മിച്ചവയെല്ലാം വിലപ്പെട്ടതാണ്, ഈ വാർത്ത നിരാശാജനകമാണെന്ന് ഞങ്ങൾക്കറിയാം,” ഓപ്പൺ എഐ കുറിച്ചു.

2024 അവസാനത്തോടെയാണ് സോറ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തിയത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ‘സോറ 2’ പുറത്തിറങ്ങിയതോടെയാണ് ഇത് ആഗോളതലത്തിൽ തരംഗമായത്. ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാമതെത്തിയ സോറയിലൂടെ ഡയാന രാജകുമാരി പാർക്കർ (Parkour) ചെയ്യുന്നതും നായ്ക്കൾ കാർ ഓടിക്കുന്നതും പോലുള്ള വിചിത്രവും എന്നാൽ അതിശയിപ്പിക്കുന്നതുമായ വീഡിയോകൾ ഉപയോക്താക്കൾ നിർമ്മിച്ചിരുന്നു.

സോറയുടെ വളർച്ചയ്ക്കൊപ്പം തന്നെ നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു.

പ്രശസ്ത വ്യക്തികളുടെ വ്യാജ വീഡിയോകൾ നിർമ്മിക്കാൻ സോറ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അനുമതിയില്ലാതെ സിനിമകളിലെ കഥാപാത്രങ്ങളെയും ദൃശ്യങ്ങളെയും ഉപയോഗിക്കുന്നത് ഹോളിവുഡ് സ്റ്റുഡിയോകളുടെയും കലാകാരന്മാരുടെയും പ്രതിഷേധത്തിന് കാരണമായി. വംശീയവും അക്രമാസക്തവുമായ ദൃശ്യങ്ങൾ നിർമ്മിക്കാൻ സോറ ഉപയോഗിക്കപ്പെടുന്നതായി വിമർശനമുയർന്നു.

മൂന്ന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഡിസ്‌നിയും open AI യും തമ്മിൽ കരാറിലെത്തിയത്. മാർവൽ (Marvel), പിക്‌സർ (Pixar), സ്റ്റാർ വാർസ് (Star Wars) തുടങ്ങിയവയിലെ 200-ലധികം കഥാപാത്രങ്ങളെ സോറയിൽ ഉപയോഗിക്കാൻ അനുമതി നൽകുന്നതായിരുന്നു ഈ കരാർ. സോറ നിർത്തലാക്കിയതോടെ ഈ പങ്കാളിത്തം അവസാനിച്ചതായി ഡിസ്‌നി സ്ഥിരീകരിച്ചു. ഐപി (IP) നിയമങ്ങളെ ബഹുമാനിക്കുന്ന മറ്റ് AIപ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുമെന്ന് ഡിസ്‌നി അറിയിച്ചു.

Summary : OpenAI has abruptly announced the shutdown of its AI video generator Sora just six months after launching its standalone app. Despite rapid popularity, the platform faced criticism over deepfakes, copyright issues, and harmful content, leading to growing controversy. The closure also ends its major partnership with Disney, as the company shifts focus to more profitable AI areas like robotics and generative text.