ദൈവം പ്രപഞ്ചമുണ്ടാക്കിയത് വാക്കുകൾ കൊണ്ടാണ്; നമുക്ക് സിനിമയുമുണ്ടാക്കാം
വരുൺ രമേഷ്
ആ ചിത്രമെടുക്കുൻ ശ്രമിച്ച് തോറ്റുപോയതാണ്. ഹിമാലയത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ, അതിന്റെ ആഴവും പരപ്പും ഒരു ലെൻസിലും ഒതുങ്ങില്ലെന്ന തിരിച്ചറിവിൽ ക്യാമറ താഴ്ത്തിവെച്ച് ഒരിക്കൽ കണ്ണടച്ചിരുന്നിട്ടുണ്ട്. ഒറ്റ ഫ്രെയിമിൽ ഒതുങ്ങാത്ത ചിത്രങ്ങൾ..
നമ്മുടെ ഭാവനയും അങ്ങനെയാണ്. ഉള്ളിൽ ഒരു കടലുണ്ട്, പക്ഷേ അത് പുറത്തെടുക്കാൻ നോക്കുമ്പോൾ ഒരു തുള്ളി വെള്ളം മാത്രമായി ചുരുങ്ങിപ്പോകുന്നു. ഇത്രയും കാലം നമ്മൾ തോറ്റുപോയത് സാങ്കേതിക വിദ്യയുടെ പരിമിതികൾക്ക് മുന്നിലായിരുന്നു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ ആ തോൽവികളെ മറികടക്കുകയാണ്. നമ്മുടെ ഭാവനയും യാത്ഥാർത്ഥ്യവും തമ്മിലുള്ള ദൂരം കേവലം ഒരു ‘വാക്കിന്റെ’ ദൂരം, അല്ലെങ്കിൽ ഒരു പ്രോപ്റ്റിന്റെ കൈ അകലം മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ഇന്ന് Prompt Engineering എന്നത് വെറുമൊരു കമ്പ്യൂട്ടർ കോഡിംഗല്ല, അത് നമ്മുടെ സർഗ്ഗാത്മകതയുടെ പുതിയ ഭാഷയാണ്. നിങ്ങൾ ഒരു മിഡ്ജേർണിയിലോ (Midjourney), റൺവേയിലോ (Runway) ഒരു വരി ടൈപ്പ് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്?
മനുഷ്യൻ ഇതുവരെ നിർമ്മിച്ച ദശലക്ഷക്കണക്കിന് ദൃശ്യങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും നിങ്ങളുടെ ഭാവനയ്ക്ക് ചേരുന്ന ഒന്ന് ആ ഡിജിറ്റൽ മസ്തിഷ്കം തിരഞ്ഞെടുത്തു നൽകുന്നു. ഇത് നിങ്ങളുടെ അധ്വാനത്തെ ലാഭിക്കുകയല്ല, മറിച്ച് നിങ്ങളുടെ ‘ചിന്തയുടെ ആഴം’ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്താണ് ഈ മാറ്റത്തിന്റെ പൊരുൾ?
നമ്മുടെ ചിന്തകൾക്ക് ഒരു അദൃശ്യമായ ഉടൽ നൽകുകയാണ് എഐ ചെയ്യുന്നത്. പണ്ട് മനുഷ്യർ ചരിത്രം എഴുതാൻ പഴയ രേഖകളിലേക്കും മനുഷ്യരുടെ ഓർമ്മകളും തേടിപ്പോയതുപോലെ, ഇന്ന് എഐ മനുഷ്യന്റെ സമസ്ത ഭാവനകളെയും ഡിജിറ്റൽ ലോകത്ത് നിന്ന് ചികഞ്ഞെടുക്കുന്നു. ഒരു ‘പ്രോംപ്റ്റ്’ എന്നത് കമ്പ്യൂട്ടറിന് നൽകുന്ന വെറുമൊരു കമാൻഡ് അല്ല. അത് നിങ്ങളുടെ ഉള്ളിലെ സംവിധായകൻ ഒരു മാന്ത്രിക സഹായിയോട് നടത്തുന്ന സംഭാഷണമാണ്. പക്ഷേ എന്തുപറയണം എന്നത് അപ്പോഴും പ്രധാനപ്പെട്ട കാര്യമാണ്. എങ്ങനെ പറയണമെന്നതും കാര്യമാണ്.
“നഷ്ടബോധം നിറഞ്ഞ കണ്ണുകളുള്ള ഒരു വൃദ്ധൻ, മഴയത്ത് തറവാടിന്റെ ഉമ്മറത്ത് ഇരിക്കുന്നു…” എന്ന് താങ്കൾ എഴുതുമ്പോൾ, എഐ അവിടെ ഒരു ദൃശ്യം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. പകരം, വേദനയുടെയും മഴയുടെയും തറവാടിന്റെയും ലക്ഷക്കണക്കിന് ഡേറ്റാ ഓർമ്മകളിൽ നിന്ന് നിങ്ങളുടെ ഭാവനയ്ക്ക് ചേരുന്ന ഒന്ന് അത് തിരഞ്ഞെടുത്തു നൽകുന്നു. ഇത് സിനിമയെ വെറുമൊരു സാങ്കേതിക വിദ്യയിൽ നിന്ന് വിടുവിച്ച്, തികച്ചും വ്യക്തിപരമായ ഒരു അനുഭവമാക്കി മാറ്റുകയാണ്.
അപ്പോൾ അൽഗോരിതത്തിന് വികാരമുണ്ടോ?
അൽഗോരിതങ്ങൾക്ക് വികാരമുണ്ടാകില്ലായിരിക്കാം, പക്ഷേ വികാരങ്ങളുടെ ജൈവഘടന അവയ്ക്ക് മനഃപാഠമാണ്. സങ്കടം വരുമ്പോൾ കണ്ണ് തുടിക്കുന്നതും, സന്തോഷം വരുമ്പോൾ ചുണ്ടുകൾ വിരിയുന്നതും അത് കൃത്യമായി ഒപ്പിയെടുക്കും. ഇവിടെയാണ് പുതിയ സിനിമാക്കാരൻ ജനിക്കുന്നത്.
പക്ഷേ ഈ വികാരങ്ങളെ ഏത് ആങ്കിളിൽ, ഏത് ടോണിൽ ഏത് മൂഡിൽ നൽകണം എന്നത് നമ്മുടെ തീരുമാനമാണ്. അത് അങ്ങനെയായില്ലെങ്കിൽ അത് എഐ യുടെ സിനിമ മാത്രമായിരിക്കും, മനുഷ്യരുടേത് ആവണം എന്നില്ല. അപ്പോ എഐ ഉപയോഗിച്ച് മനുഷ്യരുടെ സിനിമ ഉണ്ടാക്കണമെങ്കിൽ നമ്മൾ സിനിമയുടെ പാഠങ്ങൾ അറിഞ്ഞിരിക്കണം. പക്ഷേ അത് പണ്ട് പഠിച്ചതുപോലെ ആവണമെന്നില്ല. കാരണം ഇവിടെ കാര്യങ്ങൾ നിർണ്ണയിക്കുന്നത് കൂറ്റൻ സെറ്റുകളോ, വലിയ ക്യാമറകളോ അല്ല. മറിച്ച് നിങ്ങളുടെ ഉള്ളിലെ ക്രിേയറ്ററാണ്.
ഇവിടെ നിങ്ങൾക്ക് ഇനി ക്യാമറയുടെയും ലൈറ്റിന്റെയും ഭാരമില്ല. പക്ഷേ, നിങ്ങൾക്ക് ‘ചിന്തയുടെ’ ഭാരമുണ്ട്. വിഷ്വൽസ് ആർക്കും നിർമ്മിക്കാം എന്ന കാലത്ത്, എന്ത് വിഷ്വൽസ് നിർമ്മിക്കണം എന്നതാണ് പ്രധാനം. അത് കഥയോട് ഇണങ്ങുമോ ഇല്ലോയ എന്ന അറിവാണ് നമുക്ക് വേണ്ടത്.
ഇവിടെ നമ്മൾ അറിയാതെ ഒരു അധികാര കൈമാറ്റം നടക്കുന്നുണ്ട്. സിനിമ ഇനി കോടികൾ മുടക്കാൻ പറ്റുന്ന വമ്പമ് സ്റ്റുഡിയോകളുടെ മാത്രം കുത്തകയല്ല. ഒരു ലാപ്ടോപ്പും ഇന്റർനെറ്റും, എഐ ഫിലിം മേക്കിങിൽ അത്യാവശ്യം ട്രെയിനിങും ഉണ്ടെങ്കിൽ, ഒപ്പം ഭാവനയുമുണ്ടെങ്കിൽ നിങ്ങൾക്ക് ലോകനിലവാരമുള്ള സിനിമകൾ നിർമ്മിക്കാം. സാങ്കേതികവിദ്യയുടെ ചിലവ് കുറഞ്ഞതോടെ കലയുടെ മൂല്യം വർദ്ധിച്ചിരിക്കുന്നു.
കൈയ്യിൽ കഥയുണ്ടായിട്ടും ഇന്നോളം ഒരു സിനിമയുണ്ടാക്കാൻ പറ്റാത്ത മനുഷ്യരുടെ ലിബറേഷൻ ആണിനി കാണാൻ പോകുന്നത്. നോക്കൂ, ചൈനീസ് മോഡലായ സീഡ് ഡാൻസ് അവരുടെ പുതിയ വേർഷനായ 2.0 ഇറങ്ങിയപ്പോൾ ഹോളിവുഡ് സ്റ്റുഡിയോകൾ ശരിക്കും വിറച്ചു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
എഐ വെറും ടൂൾ അല്ല, ക്രിയേറ്റീവ് ചങ്ങാതിയാണ് ഇനിമുതൽ. എഐയെ വെറുമൊരു സോഫ്റ്റ്വെയർ ആയി കാണരുത്. അത് നിങ്ങളുടെ ക്രിയേറ്റീവ് പാർട്ണറാണ്. നമ്മൾ ചിന്തിക്കാത്ത ആംഗിളുകളും ലൈറ്റിംഗും അത് നമുക്ക് മുന്നിൽ വെച്ചുനീട്ടും. അതിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് പുതിയ കാലത്തെ സംവിധായകന്റെ ജോലി. ആ തിരഞ്ഞെടുപ്പ് പക്ഷേ എളുപ്പമല്ല. കാരണം എഐ നിർമ്മിച്ചു നൽകിയ ഏറ്റവും മനോഹരമായ വിഷ്വൽ ആയിരക്കണം എന്നില്ല നിങ്ങളുടെ കഥാ സന്ദർഭത്തിന് ചേരുന്നത്. അത് നിർണ്ണയിക്കേണ്ടത് നിങ്ങളിലെ ഡോമൈൻ എക്സ്പേർട്ട് ആണ്. അത് ഉണ്ടാക്കിയെടുത്തേ മതിയാവൂ.
യുവാൽ നോഹ ഹരാരി പറയുന്നതുപോലെ, അൽഗോരിതങ്ങൾക്ക് വികാരങ്ങളില്ലായിരിക്കാം, പക്ഷേ മനുഷ്യവികാരങ്ങളെ എങ്ങനെ സ്ക്രീനിൽ പ്രതിഫലിപ്പിക്കണം എന്നതിന്റെ കൃത്യമായ മാപ്പ് അവയുടെ പക്കലുണ്ട്. ഇനി പറയൂ, കയ്യിൽ ക്യാമറയില്ല എന്ന കാരണത്താൽ നിങ്ങൾ മാറ്റിവെച്ച ആ സ്വപ്ന കഥകൾ പൊടിതട്ടിയെടുക്കാൻ സമയമായില്ലേ? സാങ്കേതിക വിദ്യയുടെ ഭാരമില്ലാതെ, വെറും ഭാവനയുടെ കരുത്തിൽ നമുക്ക് സിനിമകൾ നിർമ്മിച്ചു തുടങ്ങാം.
ഈ പുതിയ ലോകത്ത് നിങ്ങൾ ഒരു ‘തോറ്റ മനുഷ്യൻ’ ആകില്ല, പകരം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കഥാകാരനായി മാറും.