നിങ്ങൾ ‘ഡിജിറ്റൽ ദൈവം’ ആകുന്ന കാലം
സിനിമയുടെ നൂറ്റമ്പതോളം വർഷത്തെ ചരിത്രം വെളിച്ചത്തെ ഒരു ലെൻസിനുള്ളിലൂടെ കടത്തിവിട്ട് വെള്ളിത്തിരയിൽ തളച്ചിടാനുള്ള മനുഷ്യന്റെ പരിശ്രമമായിരുന്നു. ക്യാമറ എന്നത് സത്യത്തിൽ ഒരു സാക്ഷിയായിരുന്നു, പുറംലോകത്ത് സംഭവിക്കുന്നതിനെ പകർത്തിയെടുക്കുന്ന ഒരു സാക്ഷി.
എന്നാൽ നാം ഇന്ന് ചെന്നെത്തി നിൽക്കുന്നത് ആ സാക്ഷിയുടെ ആവശ്യമില്ലാത്ത ഒരു ലോകത്താണ്. അവിടെ ലെൻസുകളില്ല, വെളിച്ചത്തിന്റെ പ്രതിഫലനങ്ങളില്ല; പകരം ഗണിതശാസ്ത്രപരമായ കൃത്യതയോടെ ദൃശ്യങ്ങളെ നിർമ്മിച്ചെടുക്കുന്ന അൽഗോരിതങ്ങൾ മാത്രം.
ഈ മാറ്റത്തെ വിളിക്കുന്നത് Post-Camera Era എന്നാണ്. ഇതിനെ കാഴ്ചയുടെ ജനാധിപത്യം എന്ന് നമുക്ക് വിളിക്കാം.
മുൻപ് സൂചിപ്പിച്ചത് പോലെ, ഒരു ദൃശ്യം പകർത്താൻ നമുക്ക് പ്രകൃതി കൂടെ ഒപ്പം നിൽക്കണമായിരുന്നു. പുലർച്ചെ നാലുമണിക്ക് മഞ്ഞു വീഴുന്ന മലനിരകൾ പകർത്താൻ ഒരു സംഘം ക്യാമറയുമായി മലകയറണമായിരുന്നു.
ഇന്ന്, ആ ദൃശ്യം നിങ്ങളുടെ തലച്ചോറിലാണ് ആദ്യം ഉണ്ടാകേണ്ടത്. അവിടെ അത് കാണാൻ പറ്റുന്നുണ്ടെങ്കിൽ അത് വാക്കുകളായി പറഞ്ഞ് സ്ക്രീനിൽ തെളിയാൻ വെറും സെക്കൻഡുകൾ മതി. ഇവിടെ ക്യാമറ പിൻവാങ്ങുകയും ‘പ്രോംപ്റ്റ്’ അധികാരം ഏറ്റെടുക്കുകയും ചെയ്യുന്നു.
ഇതൊരു ചെറിയ മാറ്റമല്ല. മനുഷ്യൻ തന്റെ ചരിത്രത്തിലാദ്യമായി ഭൗതിക ലോകത്തിന്റെ (Physical World) പരിമിതികളെ മറികടക്കുകയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ നിങ്ങളുടെ മുന്നിൽ ഇനി ലൊക്കേഷൻ മാനേജർമാരില്ല, പ്രൊഡക്ഷൻ ഡിസൈനർമാരില്ല. പകരം, നിങ്ങൾ ഒരു ‘ഡിജിറ്റൽ ദൈവം’ ആയി മാറുകയാണ്. വാക്കുകൾ കൊണ്ട് പ്രപഞ്ചങ്ങളെ സൃഷ്ടിക്കാനും നശിപ്പിക്കാനും നിങ്ങൾക്ക് കഴിയും.
അതുകോണ്ട് പുതിയ കാലത്തെ സിനിമാ പാഠങ്ങൾ നമുക്ക് പഠിക്കേണ്ടതുണ്ട്. ഇവിടെ പഴയ അളവുകോലിൽ അല്ല കാര്യങ്ങൾ നടക്കുന്നത്.
സിനിമാറ്റോഗ്രഫിയിൽ നിന്ന് പ്രോംപ്റ്റോഗ്രഫിയിലേക്ക്- ഒരു സിനിമയുടെ വിഷ്വൽ ലാംഗ്വേജ് ഇനി തീരുമാനിക്കുന്നത് ലെൻസിന്റെ ഫോക്കൽ ലെങ്ത് അല്ല, മറിച്ച് നിങ്ങൾ നൽകുന്ന പ്രോംപ്റ്റിലെ ‘വാക്കുകളുടെ കൃത്യത’യാണ്. ആ കൃത്യതയിലേക്ക് എത്തണമെങ്കിൽ നിങ്ങൾ ഡോമൈൻ എക്സ്പർ്ട്ട് ആയിരിക്കണം. അല്ലെങ്കിൽ പ്രോപ്റ്റുകൾ ‘വെറും വാക്കുകൾ’ ആയിപ്പോകും !!
ബജറ്റ് എന്ന വൻമതിൽ തകരുന്നു- ഹോളിവുഡിലെ വമ്പൻ സ്റ്റുഡിയോകൾക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന സയൻസ് ഫിക്ഷൻ ദൃശ്യങ്ങൾ ഇന്ന് ഒരു സാധാരണക്കാരന്റെ ലാപിലെ സ്ക്രിനിലും നിർമ്മിക്കാം. കലയുടെ മൂല്യം അത് നിർമ്മിക്കാൻ ചെലവാക്കുന്ന പണത്തിലല്ല, മറിച്ച് അത് വിഭാവനം ചെയ്യുന്ന ‘ബുദ്ധിയിലാണ്’ എന്ന് ലോകം തിരിച്ചറിയാൻ പോകുന്നു.
നിങ്ങൾക്ക് എത്രത്തോളം ഇമാജിനേറ്റീവ് ആവാൻ ആവും അത്രത്തോളം ദൃശ്യങ്ങളും രാകി മിനുക്കാം. അതുകോണ്ടാണ് യുവർ ഇമാജിനേഷൻ ഈസ് ദി ഒൺലി ലിമിറ്റ് എന്ന് എഐ മോഡലുകൾ പരസ്യം നൽകുന്നത്.
യാഥാർത്ഥ്യത്തിന്റെ തകർച്ച- ഒരു എഐ നിർമ്മിത ദൃശ്യവും ക്യാമറയിൽ പകർത്തിയ ദൃശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത വിധം സാങ്കേതികവിദ്യ വളർന്നിരിക്കുന്നു. ഇത് സത്യത്തെയും മിഥ്യയെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ മാറ്റിമറിക്കും.
ഇത് ഉണ്ടാക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടതുണ്ട്. അത് ഏത് ടെക്ക്നോളജി ആദ്യം വരുമ്പോഴും ഇത്തരം എത്തിക്കൽ പ്രശ്നങ്ങൾ ഉയർന്നുവരാറുണ്ട്. അതിന് ഒരു സമൂഹം എന്ന നിലയിൽ തന്നെയാണ് നമ്മൾ നേരിട്ടത്. ഇവിടെയും അത് തന്നെയാണ് വേണ്ടത്.
പുതിയ ലോകത്തെ സിനിമാക്കാരൻ –
ഒരു സിനിമാക്കാരൻ എന്ന നിലയിൽ നാം ആകേണ്ടത് ‘ക്യൂറേറ്റർമാർ’ ആണ്. എഐ നൽകുന്ന അനന്തമായ സാധ്യതകളിൽ നിന്ന് കൃത്യമായ ഒന്നിനെ തിരഞ്ഞെടുക്കാനുള്ള ആന്തരികമായ അറിവാണ് ഇനി വേണ്ടത്. അല്ലാതെ എഐ നിങ്ങൾക്ക് ഒരു പൂർണ്ണ സിനിമ ഉണ്ടാക്കി തരണം എന്നില്ല. ഇനി ഉണ്ടാക്കിയാൽ അത് എഐയുടെ സിനിമയാവും, നമ്മുടേത് ആവണം എന്നില്ല.
നിങ്ങളുടെ മുന്നിലുള്ളത് ഒരു ഒഴിഞ്ഞ സ്ക്രീനല്ല, മറിച്ച് നിങ്ങളുടെ ഭാവനയെ കാത്തിരിക്കുന്ന ഒരു അനന്തമായ ആകാശമാണ്. ക്യാമറകൾ താഴെ വെക്കുക, വാക്കുകൾക്ക് മൂർച്ച കൂട്ടുക. അപ്പോൾ നമുക്ക് പ്രോംപ്റ്റിംഗ് തുടങ്ങാം. അനന്തമായ ഇമാജിനേഷനെ കെട്ടഴിച്ച് വിട്ടേക്കുക. യെസ്, യുവർ ഇമാജിനേഷൻ ഈസ് ദി ഒൺലി ലിമിറ്റ് !!
PART 1 : ദൈവം പ്രപഞ്ചമുണ്ടാക്കിയത് വാക്കുകൾ കൊണ്ടാണ്; നമുക്ക് സിനിമയുമുണ്ടാക്കാം