‘ഞങ്ങളുടെ ശബ്ദം മോഷ്ടിക്കരുത്’; എഐക്കെതിരെ പോരാട്ടവുമായി ഫ്രഞ്ച് സിനിമാ താരങ്ങൾ
സിനിമാ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്രഞ്ച് ചലച്ചിത്ര ലോകം. സ്വാൻ അർലോഡ്, ജെറാർഡ് ജുഗ്നോട്ട് തുടങ്ങിയ പ്രശസ്ത താരങ്ങൾ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട തുറന്ന കത്ത് പുറത്തുവിട്ടതോടെയാണ് ഈ വിഷയം ആഗോളതലത്തിൽ ചർച്ചയാകുന്നത്.
താരങ്ങളുടെ അനുവാദമില്ലാതെ അവരുടെ ശബ്ദം എഐ ഉപയോഗിച്ച് അനുകരിക്കുന്ന ‘വോയ്സ് ക്ലോണിംഗ്’ രീതി വ്യാപകമാകുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്. ഇത് കലാകാരന്മാരുടെ കരിയറിനെയും ഭാവിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക താരങ്ങൾ പങ്കുവെക്കുന്നു. പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ചെറുകിട കലാകാരന്മാർ തങ്ങളുടെ ശബ്ദത്തിൻ്റെ അവകാശങ്ങൾ എഐ കമ്പനികൾക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതരാകുന്നു എന്നതും ഈ രംഗത്തെ വലിയ വെല്ലുവിളിയാണ്.
അന്തരിച്ച പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് അലൈൻ ഡോർവലിന്റെ ശബ്ദം അദ്ദേഹത്തിന്റെ മരണശേഷം ഒരു സിനിമയിൽ എഐ ഉപയോഗിച്ച് പുനർനിർമ്മിച്ചത് ഫ്രഞ്ച് സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സിൽവസ്റ്റർ സ്റ്റാലോണിന്റെ സ്ഥിരം ശബ്ദമായിരുന്ന ഡോർവലിന്റെ വോയ്സ് ക്ലോണിംഗ് ധാർമ്മികമായി തെറ്റാണെന്ന നിലപാടിലാണ് സിനിമാ പ്രവർത്തകർ.
ഇതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫ്രാൻസിൽ പ്രതിഷേധങ്ങൾ ശക്തമാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ചേർന്ന് രൂപീകരിച്ച ‘Touche pas ma VF’ എന്ന കൂട്ടായ്മ, സിനിമകളിൽ മനുഷ്യർക്ക് പകരം എഐ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
‘മനുഷ്യർക്കായി മനുഷ്യർ തന്നെ ഡബ്ബിംഗ് ചെയ്യണം’ എന്ന മുദ്രാവാക്യവുമായി ഈ കൂട്ടായ്മ ആരംഭിച്ച പെറ്റിഷന് ഇതിനോടകം രണ്ടര ലക്ഷത്തോളം ആളുകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ച കലാകാരന്മാരുടെ വ്യക്തിത്വത്തെയും അധ്വാനത്തെയും ചൂഷണം ചെയ്യുന്ന രീതിയിലേക്ക് മാറരുതെന്നാണ് ഫ്രഞ്ച് സിനിമാ ആർട്ടിസ്റ്റുകളുടെ ആവശ്യം. നിയമപരമായ സുരക്ഷയും തൊഴിൽ സംരക്ഷണവും ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
summary: French film actors, including Swann Arlaud and Gérard Jugnot, have launched a protest against AI voice cloning, warning that replicating performers’ voices without consent threatens artists’ careers and livelihoods. The controversy intensified after the late dubbing artist Alain Dorval’s voice was recreated using AI, sparking ethical concerns across the industry. A collective called “Touche pas ma VF” is demanding legal protections and government intervention, insisting that dubbing should remain a human craft rather than be replaced by AI.