ബെൻ അഫ്ലെക്കിന്റെ എഐ സ്റ്റാർട്ടപ്പ് സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് ചെലവിട്ടത് 587 മില്യൺ ഡോളർ; ജനറേറ്റിവ് AI കരുത്തിൽ നിർമ്മിച്ചത് 300-ലധികം സിനിമകളിലും വെബ് സീരീസുകളും
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് (Netflix), പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബെൻ അഫ്ലെക് (Ben Affleck) സഹസ്ഥാപകനായ ‘ഇന്റർപോസിറ്റീവ്’ (InterPositive) എന്ന എഐ സിനിമാ സ്റ്റാർട്ടപ്പ് കമ്പനിയെ സ്വന്തമാക്കിയ വാർത്ത ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. എന്നാൽ അന്ന് ഈ ഇടപാടിന്റെ സാമ്പത്തിക വിവരങ്ങൾ ഇരു കമ്പനികളും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്സ് സമർപ്പിച്ച പുതിയ റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഈ വൻ തുകയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഏകദേശം 587 മില്യൺ ഡോളർ (ഏകദേശം 4,900 കോടിയിലധികം ഇന്ത്യൻ രൂപ) പൂർണ്ണമായും പണമായി (Cash) നൽകിയാണ് നെറ്റ്ഫ്ലിക്സ് ഈ സ്റ്റാർട്ടപ്പ് കമ്പനിയെ സ്വന്തമാക്കിയത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഈ ഏറ്റെടുക്കൽ പ്രഖ്യാപനം ഉണ്ടായത്. വെറുമൊരു ടെക്സ്റ്റ് പ്രോംപ്റ്റിൽ നിന്ന് സിനിമകൾ നിർമ്മിക്കുന്നതിന് പകരമായി, മനുഷ്യന്റെ സർഗ്ഗാത്മകതയെയും സിനിമകളെയും കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന എഐ ടൂളുകളാണ് ഇന്റർപോസിറ്റീവ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. കരാർ പ്രകാരം ഇന്റർപോസിറ്റീവിന്റെ മുഴുവൻ ടീമും നെറ്റ്ഫ്ലിക്സിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിന് പുറമെ ബെൻ അഫ്ലെക് നെറ്റ്ഫ്ലിക്സിന്റെ സീനിയർ അഡ്വൈസറായും ചുമതലയേറ്റു.
നിലവിൽ തങ്ങളുടെ 300-ലധികം സിനിമകളിലും വെബ് സീരീസുകളിലും ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ (Generative AI) ഉപയോഗിച്ചു കഴിഞ്ഞതായാണ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നത്. വിഷ്വൽ എഫക്റ്റുകൾ കൂടുതൽ മനോഹരമാക്കാനും, പോസ്റ്റ്-പ്രൊഡക്ഷൻ ചെലവുകൾ വലിയ രീതിയിൽ കുറയ്ക്കാനും എഐ ടൂളുകൾ വഴി സാധിക്കുമെന്ന വലിയ തിരിച്ചറിവിലാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
Summary: Netflix recently disclosed in a regulatory filing that it paid $587 million in cash to acquire InterPositive, an AI filmmaking startup co-founded by Ben Affleck to solve post-production challenges. The acquisition integrates the startup’s team into Netflix and positions Affleck as a senior advisor, aligning with the streaming giant’s ongoing deployment of generative AI tools across roughly 300 of its titles