ബെൻ ആഫ്ലെക്കിന്റെ എഐ കമ്പനിയെ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; വാങ്ങിയത് 600 ദശലക്ഷം ഡോളറിന്

ഹോളിവുഡ് താരം ബെൻ ആഫ്ലെക്കിന്റെ നേതൃത്വത്തിലുള്ള AI സ്റ്റാർട്ടപ്പായ ‘ഇന്റർപോസിറ്റീവ്’ (InterPositive) നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഏകദേശം 600 ദശലക്ഷം ഡോളറിനാണ് (ഏകദേശം 5000 കോടിയിലധികം രൂപ) ഈ ഇടപാട് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്.
സിനിമാ നിർമ്മാണ രംഗത്ത് എഐ ടെക്നോളജി ഉപയോഗിക്കുന്നതിനായി ബെൻ ആഫ്ലെക്കും റെഡ്ബേർഡ് ക്യാപിറ്റൽ പാർട്‌ണേഴ്സും ചേർന്ന് രഹസ്യമായാണ് ഈ കമ്പനി ആരംഭിച്ചത്. നിലവിലുള്ള ദൃശ്യങ്ങളിൽ മാറ്റം വരുത്താനും (Editing), ബാക്ക്ഗ്രൗണ്ട് ക്രമീകരിക്കാനും, അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനും സഹായിക്കുന്ന അത്യാധുനിക ടൂളുകളാണ് ഇന്റർപോസിറ്റീവ് വികസിപ്പിച്ചത്. പ്രശസ്ത സംവിധായകൻ ഡേവിഡ് ഫിഞ്ചർ തന്റെ വരാനിരിക്കുന്ന ബ്രാഡ് പിറ്റ് ചിത്രത്തിൽ ഈ സാങ്കേതികവിദ്യ ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുണ്ട്.

സിനിമയിൽ AI കടന്നുവരുന്നത് തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും തങ്ങളുടെ അധ്വാനം മോഷ്ടിക്കപ്പെടുമെന്നും ഹോളിവുഡിൽ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയുണ്ട്. എന്നാൽ ഇന്റർപോസിറ്റീവ് ഒരു ‘ക്രിയേറ്റീവ് ടൂൾ’ മാത്രമാണെന്ന് ബെൻ ആഫ്ലെക് വ്യക്തമാക്കുന്നു. ഒരു സംവിധായകൻ ചിത്രീകരിച്ച ദൃശ്യങ്ങളിൽ മാത്രം പരിശീലനം നൽകി ആ സിനിമ മെച്ചപ്പെടുത്താനാണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. നിലവിലുള്ള സിനിമയെ സഹായിക്കുക എന്നതിനപ്പുറം, പൂജ്യത്തിൽ നിന്ന് പുതിയ സിനിമകൾ സൃഷ്ടിക്കാൻ ഈ എഐ ഉപയോഗിക്കില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. “സിനിമാ നിർമ്മാണ പ്രക്രിയ അതിന്റെ തുടക്കം മുതൽ സാങ്കേതികമായ പുരോഗതിയിലൂടെയാണ് കടന്നുപോകുന്നത്. കാര്യങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാനുള്ള മറ്റൊരു ചുവടുവെപ്പാണ് ഇന്റർപോസിറ്റീവ്,എന്നാണ് ബെൻ ആഫ്ലെക് പറയുന്നത്.

വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ വാങ്ങാനുള്ള നെറ്റ്ഫ്ലിക്സിന്റെ മുൻപത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റർപോസിറ്റീവിനെ സ്വന്തമാക്കിയത്. ആമസോണും ഡിസ്നിയും സമാനമായ രീതിയിൽ എഐ രംഗത്ത് നിക്ഷേപം നടത്തുന്നുണ്ട്.

Summary: In one of its largest acquisitions to date, Netflix is purchasing Ben Affleck’s AI startup, InterPositive, for up to $600 million to accelerate the use of artificial intelligence in filmmaking. The technology is designed as a specialized tool to help directors edit existing footage and adjust backgrounds, rather than generating content from scratch or using unpermitted data. While Hollywood workers remain concerned about AI-driven job losses, Netflix’s move signals a strategic shift toward building in-house tech capabilities to compete with rivals like Disney and Amazon.