വ്യാജ ജനറേറ്റീവ് എഐ കണ്ടെന്റുകൾക്ക് പൂട്ടിടാൻ യൂട്യൂബ്
വ്യാജ എഐ കണ്ടെന്റുകൾക്കും (AI Slop) നിലവാരമില്ലാത്ത വീഡിയോകൾക്കുമെതിരെ നടപടി കർശനമാക്കി യൂട്യൂബ്. ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാൻ സഹായിക്കുന്ന ‘യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാം’ (YPP) നയങ്ങളിലാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
വ്യാജവും ക്വാളിറ്റിയില്ലാത്തതുമായ വീഡിയോകൾ നിർമ്മിച്ച് വരുമാനമുണ്ടാക്കുന്ന ‘കണ്ടന്റ് ഫാമിംഗ്’ (Content Farming) തടയുകയാണ് യൂട്യൂബിന്റെ ലക്ഷ്യം.
യൂട്യൂബ് ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി മാറ്റ് ഹാൽപ്രിൻ (Matt Halprin) വ്യക്തമാക്കിയതനുസരിച്ച്, താഴെ പറയുന്ന മൂന്ന് തരം ഉള്ളടക്കങ്ങൾക്ക് ഇനിമുതൽ വരുമാനം ലഭിക്കില്ല:
. കാര്യമായ വിഷ്വൽ വ്യത്യാസമോ സ്വന്തമായ ആശയങ്ങളോ ഇല്ലാതെ എഐ, ടെംപ്ലേറ്റ്, അല്ലെങ്കിൽ ഒരേ തരത്തിലുള്ള വോയ്സ് ഓവറുകൾ ഉപയോഗിച്ച് യന്ത്രീകൃതമായി നിർമ്മിക്കുന്ന വീഡിയോകൾ.
. കാഴ്ചക്കാരെ ആകർഷിക്കാൻ മൃഗങ്ങളെ അപകടത്തിൽപ്പെടുത്തി രക്ഷിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ പോലെയുള്ള, കാണുന്നവർക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ.
. സാമ്പത്തികം (Finance), ആരോഗ്യം (Healthcare), നിയമം തുടങ്ങിയ അതീവ സുരക്ഷിതത്വം ആവശ്യമായ വിഷയങ്ങളിൽ യഥാർത്ഥ മനുഷ്യരെയെന്നപോലെ എഐ അവതാറുകളെ (AI Personas) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ.
ജനറേറ്റീവ് എഐ സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗിക്കുന്നത് യൂട്യൂബ് നിരോധിച്ചിട്ടില്ല. മറിച്ച്, തങ്ങളുടെ സർഗ്ഗാത്മകത കൂട്ടാൻ എഐ ഉപയോഗിക്കുന്നവർക്ക് പണം സമ്പാദിക്കാം. എന്നാൽ മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ റോബോട്ടിക് വീഡിയോകൾക്കാണ് യൂട്യൂബ് സാമ്പത്തിക പിന്തുണ പിൻവലിക്കുന്നത്.
Summary: YouTube has updated its monetization policies under the YouTube Partner Program (YPP) to crack down on low-quality “AI slop” and automated content farming. The guidelines restrict monetization for generic template-based videos, distressing or manipulative content, and AI personas offering advice on sensitive topics like health and finance, while still allowing creators to use AI as a tool for genuine creative enhancement.