ഇനി ക്രിയേറ്റീവ് AI വാര്‍ത്തകള്‍ ഒരിടത്ത് കാണാം, സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ് AI ന്യൂസ് പോര്‍ട്ടല്‍ പ്രകാശനം ചെയ്തു
ഡിജിറ്റൽ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ്. സ്ഥാപനത്തിന്റെ ‘AI ക്രിയേറ്റീവ് ന്യൂസ്’ വെബ്സൈറ്റ് സംവിധായകൻ പ്രജേഷ് സെന്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ സംഘടിപ്പിച്ച സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ് AI വർക്ക്ഷോപ്പിന്റെ വേദിയിലായിരുന്നു വെബ്സൈറ്റ് ലോഞ്ച്.
AI ലോകത്തെ വാർത്തകൾ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ സംരംഭമാണിത്. വാർത്തകൾക്കൊപ്പം ഫീച്ചറുകൾ, വീഡിയോ സ്റ്റോറികൾ, ഓഡിയോ സ്റ്റോറികൾ എന്നിവയിലൂടെ സമകാലീന ക്രിയേറ്റീവ് ഇൻഡസ്ട്രിയിലെ എഐ വിഷയങ്ങൾ വായനക്കാരിലേക്ക് എത്തിക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
ചടങ്ങിൽ സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗിന്റെ ഫൗണ്ടർ വരുൺ രമേശ്, സംവിധായിക വിധു വിൻസെന്റ്, കെ. രാജഗോപാൽ, തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ, ഡെൻസിൽ ആന്റണി, സജിത മഠത്തിൽ, ഖാലിദ് ബക്കർ, സജി ബി നായർ എന്നിവർ സംസാരിച്ചു.