സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ; 21 കോടി തരാൻ ആളുണ്ട്
സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവർക്കും ക്രിയേറ്റീവ് ടാലന്റ് ഉള്ളവർക്കും ഇതാ ലോകത്തെ ഏറ്റവും വലിയ അവസരങ്ങളിലൊന്ന് വാതിൽ തുറക്കുന്നു. വിഖ്യാതമായ എക്സ്പ്രൈസ് (Xprize) ഫൗണ്ടേഷൻ ഗൂഗിളുമായി (Google) കൈകോർത്ത് നടത്തുന്ന ‘ഫ്യൂച്ചർ വിഷൻ എക്സ്പ്രൈസ്’ എന്ന ആഗോള ഫിലിം കോമ്പറ്റീഷനാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം.
ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം (Optimism) നിറഞ്ഞ കഥകൾ പറയുന്നവർക്കായി കോടികളുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
എന്താണ് ഈ ചലഞ്ച്?
മനുഷ്യനും സാങ്കേതികവിദ്യയും ഒത്തുചേരുന്ന നാളത്തെ ലോകം എത്രത്തോളം മനോഹരമായിരിക്കും? ആ ഒരു പോസിറ്റീവ് കാഴ്ചപ്പാട് അവതരിപ്പിക്കുന്ന വെറും 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറുകളോ ഹ്രസ്വചിത്രങ്ങളോ ആണ് നിങ്ങൾ തയ്യാറാക്കേണ്ടത്. വെറുതെ ഒരു ഷോർട്ട് ഫിലിം എടുക്കുക എന്നതിലുപരി, നിങ്ങളുടെ ഐഡിയ ഒരു വലിയ ഫീച്ചർ ഫിലിം ആക്കി മാറ്റാനുള്ള സുവർണ്ണാവസരമാണിത്.
സമ്മാനത്തുക കേട്ടാൽ ഞെട്ടും!
- ഗ്രാൻഡ് പ്രൈസ്: വിജയിക്കുന്ന പ്രോജക്റ്റിന് സിനിമ നിർമ്മിക്കാനായി മാത്രം 2.5 ദശലക്ഷം ഡോളർ (ഏകദേശം 21 കോടി രൂപ) ലഭിക്കും! കൂടാതെ 1 ലക്ഷം ഡോളർ (84 ലക്ഷം രൂപ) ക്യാഷ് പ്രൈസായും സ്വന്തമാക്കാം.
- ഫൈനലിസ്റ്റുകൾ: മറ്റ് നാല് ഫൈനലിസ്റ്റുകൾക്ക് ഓരോരുത്തർക്കും 1 ലക്ഷം ഡോളർ വീതം ലഭിക്കും.
”സാധാരണ സയൻസ് ഫിക്ഷൻ സിനിമകളിൽ നമ്മൾ കാണാറുള്ളത് സാങ്കേതികവിദ്യ ലോകത്തെ നശിപ്പിക്കുന്ന പേടിപ്പെടുത്തുന്ന കഥകളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ ഭാവിയെ മനോഹരമാക്കും എന്ന പോസിറ്റീവ് ചിന്തകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. സിനിമകൾക്ക് നമ്മുടെ ഭാവനയെ സ്വാധീനിക്കാൻ വലിയ കഴിവുണ്ട്…” – പീറ്റർ ഡയമണ്ടിസ് (എക്സ്പ്രൈസ് ഫൗണ്ടേഷൻ സ്ഥാപകൻ).