സിനിമ മനുഷ്യന്റേതാണ്; ഹോളിവുഡിൽ ‘നോ-AI’ വിപ്ലവം: സിനിമകൾക്ക് ഇനി ‘Credo 23’ മുദ്ര

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമാ മേഖലയെ കീഴടക്കുന്നതിനെതിരെ ഹോളിവുഡിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എഐ സാങ്കേതികവിദ്യ പൂർണ്ണമായും ഒഴിവാക്കി മനുഷ്യപ്രയത്നത്താൽ മാത്രം നിർമ്മിച്ച സിനിമകൾക്കായി ‘No-AI Film Festival’ സംഘടിപ്പിക്കുന്നു. പ്രശസ്ത നടി ജസ്റ്റിൻ ബേറ്റ്മാന്റെ നേതൃത്വത്തിലാണ് വേറിട്ട ഈ ചലച്ചിത്ര മേള അരങ്ങേറുന്നത്.

കല മെഷീനുകൾക്കുള്ളതല്ല; പോരാട്ടവുമായി പ്രമുഖർ

മാർച്ച് മാസത്തിൽ അമേരിക്കയിലെ ലീജിയൻ പോസ്റ്റിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. ജനറേറ്റീവ് എഐ ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും നിർമ്മിക്കുന്നത് സിനിമയുടെ ആത്മീയ മൂല്യത്തെ തകർക്കുമെന്നാണ് ജസ്റ്റിൻ ബേറ്റ്മാന്റെ വാദം.

ഈ നീക്കത്തിന് പിന്തുണയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്:

  • ഷോൺ ബേക്കർ (Sean Baker): ലോകപ്രശസ്ത സംവിധായകൻ.
  • മാത്യു വീനർ (Matthew Weiner): പ്രശസ്തമായ ‘മാഡ് മെൻ’ (Mad Men) സീരീസിന്റെ നിർമ്മാതാവ്.

അതേ സമയം കല മിഷീനുകൾക്ക് ഉള്ളതല്ല എന്നതിന് എതിരെ എഐ അനുകൂലികളും രം​ഗത്തുണ്ട്. ക്യാമറയും സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും മിഷിനുകളും സാങ്കേതിക വിദ്യകളും നിറഞ്ഞതാണ്. അത് ഒഴിവാക്കിക്കോണ്ട് ഒരു സിനിമാ നിർമ്മാണം സാധ്യവുമല്ല എന്നാണ് ഇവരുടെ വാദം. പ്രമുഖ എഐ വീഡിയോ ജനറേറ്റീവ് പ്ലാറ്റ് ഫോമായ റൺവെ എംഎൽ സിഇഒ ക്രിസ്റ്റോബൽ വലൻസുവേല കഴിഞ്ഞ ദിവസം X ൽ പങ്കുവെച്ച മീം ഏറെ ചർച്ചയായിരുന്നു.

എന്താണ് ‘Credo 23’?

ഈ മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് ‘Credo 23’ എന്ന പ്രത്യേക അംഗീകാര മുദ്ര നൽകും. ഒരു സിനിമയുടെ ഒരു ഭാഗത്ത് പോലും ജനറേറ്റീവ് എഐ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ മുദ്ര പതിപ്പിക്കുന്നത്. സിനിമയുടെ ഓരോ ഫ്രെയിമും മനുഷ്യന്റെ സർഗ്ഗാത്മകതയിൽ നിന്നും അധ്വാനത്തിൽ നിന്നും പിറവിയെടുത്തതാണെന്ന ഉറപ്പാണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്.

ഭീതിയുടെ നിഴലിൽ ഹോളിവുഡ്

ഗൂഗിളും സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള പുതിയ കരാറുകളും, ഓപ്പൺ എഐ (OpenAI) പോലെയുള്ള വമ്പൻ കമ്പനികൾ ഹോളിവുഡ് വിപണിയിലേക്ക് കടന്നുകയറുന്നതും സിനിമാ പ്രവർത്തകർക്കിടയിൽ വലിയ തൊഴിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യന്റെ ചിന്തകൾക്കും വികാരങ്ങൾക്കും പകരമാവാൻ മെഷീനുകൾക്ക് കഴിയില്ലെന്നാണ് സംഘാടകരുടെ അവകാശവാദം.

AI FILMMAKING, AI FILM