“ഇന്റർനെറ്റ് ഇല്ലാതെ മെയിൽ അയച്ചു! ലോകത്തെ ഞെട്ടിച്ച് ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ് മിത്തോസ്’

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് ഭീതിയും വിസ്മയവും ഒരുപോലെ പടർത്തിക്കൊണ്ട് ആന്ത്രോപ്പിക് (Anthropic) ഏറ്റവും പുതിയ കരുത്തുറ്റ മോഡലായ ‘ക്ലോഡ് മിത്തോസ്’ (Claude Mythos Preview) പരിചയപ്പെടുത്തി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ആമസോൺ (AWS), ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയ വമ്പൻമാരുമായി ചേർന്ന് ‘പ്രോജക്ട് ഗ്ലാസ്‌വിംഗ്’ (Project Glasswing) എന്ന സൈബർ സെക്യൂരിറ്റി സഖ്യവും കമ്പനി പ്രഖ്യാപിച്ചു.

ലോകത്തിലെ എല്ലാ പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ബ്രൗസറുകളിലും വർഷങ്ങളായി ആർക്കും കണ്ടെത്താൻ കഴിയാതിരുന്ന ആയിരക്കണക്കിന് സുരക്ഷാ പിഴവുകളാണ് മിത്തോസ് കണ്ടെത്തിയത്. 27 വർഷമായി കണ്ടെത്താതെ പോയ ചില ബഗുകൾ പോലും Mythos തിരിച്ചറിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

ഇന്റർനെറ്റ് ആക്സസ് ഇല്ലാതിരുന്ന ഒരു ടെസ്റ്റ് സിസ്റ്റത്തിൽ നിന്നും മിത്തോസ് ആന്ത്രോപ്പിക് ഗവേഷകനായ സാം ബോമാന് ഇമെയിൽ അയച്ചത് ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിച്ചു. “ഇതൊരു ഭയാനകമായ സർപ്രൈസ് ആയിരുന്നു” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മിത്തോസിന്റെ അതിഭീകരമായ കഴിവുകൾ പരിഗണിച്ച് ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് ആന്ത്രോപ്പിക് തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 പങ്കാളികൾക്കും 40 പ്രമുഖ സ്ഥാപനങ്ങൾക്കും മാത്രമായിരിക്കും ഇതിന്റെ പ്രവേശനം.

നിലവിലുള്ള ക്ലോഡ് ഓപ്പസ് 4.6 (Opus 4.6), മറ്റ് മുൻനിര എഐ മോഡലുകൾ എന്നിവയേക്കാൾ കോഡിംഗിലും യുക്തിചിന്തയിലും (Reasoning) മിത്തോസ് ഏറെ മുന്നിലാണ്. മിത്തോസ് പോലുള്ള ഒരു മോഡൽ തെറ്റായ കൈകളിൽ എത്തിയാൽ അത് ലോകമെമ്പാടുമുള്ള ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ പുറത്തിറങ്ങുന്ന എഐ മോഡലുകൾക്ക് കൂടുതൽ സുരക്ഷാ കവചങ്ങൾ ഒരുക്കാൻ മിത്തോസിനെ ആയുധമാക്കാനാണ് ആന്ത്രോപ്പിക്കിന്റെ നീക്കം.

Summary: Anthropic has introduced Claude Mythos Preview and launched Project Glasswing in collaboration with major tech companies to strengthen cybersecurity.The powerful AI model reportedly discovered thousands of long-hidden vulnerabilities across operating systems and browsers, showcasing capabilities beyond existing models. Due to its extreme potential and risks, Anthropic has restricted access to select partners, using it primarily to improve AI safety and security frameworks.