ക്ഷേത്രത്തിൽ ‘റോബോട്ട് സന്യാസി’; പ്രാർത്ഥനകൾക്കും ഉപദേശങ്ങൾക്കും ഇനി ‘ബുദ്ധറോയിഡ്’
ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങളിൽ ഇനി പ്രാർത്ഥനകൾക്കും ആത്മീയ ഉപദേശങ്ങൾക്കും നേതൃത്വം നൽകാൻ റോബോട്ട് സന്യാസിമാരെത്തുന്നു. ജപ്പാനിലെ ക്യോട്ടോയിൽ ആത്മീയ ലോകത്തും ടെക്നോളജിയിലും പുതിയൊരു ചുവടുവയ്പ്പായിയാണ് ‘ബുദ്ധറോയ്ഡ്’ (Buddharoid) എന്ന AI -ഇന്റഗ്രേറ്റഡ് റോബോട്ട് സന്യാസിയെ അവതരിപ്പിച്ചത്. ക്യോട്ടോ സർവകലാശാലയിലെ ഗവേഷക സംഘവും ടെക് കമ്പനികളായ Teraverse, XNOVA എന്നിവയും ചേർന്നാണ് ഷോറൻ-ഇൻ ക്ഷേത്രത്തിൽ ഈ സംവിധാനം നിർമ്മിച്ചത്. മതസ്ഥാപനങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ബുദ്ധ സന്യാസിമാരെ സഹായിക്കുന്നതിനായാണ് ഈ പുതിയ പരീക്ഷണം.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി (ChatGPT) അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ സംവിധാനത്തിന് ബുദ്ധമത ഗ്രന്ഥങ്ങളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഇതുകാരണം വിശ്വാസികളുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് ആത്മീയമായ മറുപടിയും ഉപദേശങ്ങളും നൽകാൻ റോബോട്ടിന് സാധിക്കും. ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് (Unitree Robotics) വികസിപ്പിച്ച ഹാർഡ്വെയർ ഉപയോഗിച്ച് ഒരു സന്യാസിയെപ്പോലെ പതുക്കെ നടക്കാനും കുനിഞ്ഞ് വന്ദിക്കാനും കൈകൾ കൂപ്പി പ്രാർത്ഥിക്കാനും (Gassho) ബുദ്ധറോയിഡിന് കഴിയും.
ജപ്പാനിൽ ജനസംഖ്യ കുറയുന്നതും മതാചാരങ്ങളോടുള്ള താൽപര്യം കുറഞ്ഞുവരുന്നതും കാരണം നിരവധി ക്ഷേത്രങ്ങൾ അടഞ്ഞുപോകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 2040 ഓടെ ഏകദേശം 30% ബുദ്ധമത ക്ഷേത്രങ്ങൾ ഇല്ലാതാകുമെന്നാണ് കണക്കുകൾ.
2019-ൽ ക്യോട്ടോയിലെ കോഡൈജി ക്ഷേത്രത്തിൽ അവതരിപ്പിച്ച ‘മിന്ദാർ’ (Mindar) എന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ തുടർച്ചയായാണ് ബുദ്ധറോയ്ഡിന്റെ വികസനം. എന്നാൽ മുൻപുണ്ടായിരുന്ന സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ബുദ്ധറോയ്ഡ് തത്സമയ സംവാദം നടത്താൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറുമൊരു കൗതുകത്തിനപ്പുറം, ആത്മീയമായ ഒരു സാന്നിധ്യം (Presence) വിശ്വാസികൾക്ക് നൽകുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം.
Summary : Japan has introduced an AI-powered robot monk called Buddharoid to assist with prayers and provide spiritual guidance in Buddhist temples. Developed by Kyoto University in collaboration with Teraverse and XNOVA, the system is trained on Buddhist scriptures and can interact with people in real time while mimicking a monk’s movements. The initiative aims to address the decline of religious institutions in Japan by combining technology with spiritual practices.