പുതിയ സ്കില്ലുകൾ പഠിച്ചില്ലെങ്കിൽ പണി പാളും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ
ഐടി രംഗത്തുള്ളവർക്കിടയിൽ ഇപ്പോൾ വലിയൊരു ആശങ്ക പടരുകയാണ്. അതിന് കാരണം പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ നടത്തിയ ചില വെളിപ്പെടുത്തലുകളാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐ ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
ആന്ത്രോപിക്കിലെ പല എഞ്ചിനീയർമാരും ഇപ്പോൾ സ്വന്തമായി കോഡ് എഴുതുന്നത് നിർത്തിയെന്നും, എഐ എഴുതി നൽകുന്ന കോഡുകളിൽ തിരുത്തലുകൾ വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും ഇതിനോടകം കോഡിംഗിനായി എഐയെ ഉപയോഗിച്ചു തുടങ്ങി.
ശരിക്കും ജോലികൾ ഇല്ലാതാകുമോ?
പല വിദഗ്ധരും പറയുന്നത് ജോലികൾ പൂർണ്ണമായും ഇല്ലാതാകില്ല എന്നാണ്. പക്ഷേ, ജോലിയുടെ രീതി മാറും. പുതുതായി കോഡിംഗ് പഠിച്ചിറങ്ങുന്നവർക്കാണ് ഏറ്റവും വലിയ വെല്ലുവിളി. തുടക്കക്കാർ ചെയ്തിരുന്ന ലളിതമായ കോഡിംഗ് ജോലികൾ ഇനി എഐ ചെയ്യും.
ഇനിമുതൽ വെറും ‘കോഡ് എഴുത്തുകാർ’ എന്നതിലുപരി, വലിയ സിസ്റ്റങ്ങൾ ഡിസൈൻ ചെയുക, എഐ എഴുതിയ കോഡ് പരിശോധിക്കുക,പ്രോജക്ട് പ്ലാനിങ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ചുരുക്കത്തിൽ, എഐ കോഡിങ് രംഗത്തെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. അതിനാൽ, ടെക് രംഗത്തുള്ളവർ പുതിയ കഴിവുകൾ പഠിക്കുകയും എഐയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുകയും വേണം.