എഐ വലിയ സാധ്യതകൾ തുറക്കുന്നു, എന്നാൽ ലക്ഷ്യബോധം പ്രധാനം”:Sos AI Filmmaking workshop കമൽഹാസൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സർഗ്ഗാത്മകതയുടെ അനന്തമായ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്നും എന്നാൽ അവ ശരിയായ ലക്ഷ്യബോധത്തോടെ വേണം ഉപയോഗിക്കാനെന്നും കമൽഹാസൻ. കോഴിക്കോട് സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് (SOS) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ തീവ്ര എഐ ഫിലിം മേക്കിംഗ് വർക്ക്ഷോപ്പ് ‘WAVE 1.0’ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാങ്കേതികവിദ്യയുടെ മുന്നിൽ നിങ്ങളുടെ മനസ്സിനെ എപ്പോഴും ജിജ്ഞാസയുള്ളതാക്കി വെക്കുക. ഒരു ചതുരത്തിനുള്ളിൽ മാത്രം ഒതുങ്ങുകയോ തളച്ചിടപ്പെടുകയോ ചെയ്യരുത്,” എന്ന് അദ്ദേഹം സിനിമയിലെ പുതുതലമുറയോട് ആഹ്വാനം ചെയ്തു.
കോഴിക്കോട് കടപ്പുറത്തെ KTDC കഫേ പോളിറ്റനിൽ നടന്ന വർക്ക്ഷോപ്പ്, വെറും എഐ ടൂളുകൾ പരിചയപ്പെടുത്തുന്നതിനപ്പുറം, സിനിമയുടെ പ്രൊഫഷണൽ പൈപ്പ്ലൈനിലേക്ക് (Professional Film Pipeline) ഈ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി സന്നിവേശിപ്പിക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാളം, തമിഴ് സിനിമാ വ്യവസായത്തിൽ എഐ ഫിലിം പ്രൊഡക്ഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വരുൺ രമേഷ്, സജി ബി. നായർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഏപ്രിൽ 10, 11, 12 തീയതികളിലായി നടക്കുന്ന വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ സ്വന്തമായി ഒരു എഐ ഷോർട്ട് ഫിലിം നിർമ്മിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്. ഫീച്ചർ ഫിലിമുകളിൽ എഐ മോഡലുകൾ കൃത്യമായി ഉപയോഗിക്കാനുള്ള ‘ഫിലിം പൈപ്പ്ലൈൻ മാസ്റ്ററി’ പരിശീലനവും ഇതിന്റെ ഭാഗമായിരുന്നു.
പരിശീലനത്തിനിടെ മികച്ച പ്രതിഭ തെളിയിക്കുന്ന മൂന്ന് പേരെ സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗിന്റെ ഔദ്യോഗിക പ്രൊഡക്ഷൻ ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുമെന്ന് സ്ഥാപകൻ വരുൺ രമേഷ് വ്യക്തമാക്കി. “എഐ ടൂളുകൾ പഠിക്കുക എന്നത് എളുപ്പമാണ്, എന്നാൽ അവയെ ഒരു പ്രൊഫഷണൽ സിനിമാ നിർമ്മാണ രീതിയുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതാണ് പ്രധാനം. മികച്ച രീതിയിൽ സിനിമയെ സമീപിക്കുന്ന ക്രിയേറ്റർമാരെ കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,” വരുൺ രമേഷ് പറഞ്ഞു.
Summary: Kamal Haasan emphasized that AI opens limitless creative possibilities but must be used with clear purpose, while inaugurating the WAVE 1.0 AI filmmaking workshop in Kozhikode.The three-day workshop focused on integrating AI tools into professional film production pipelines, guided by industry experts. Participants receive hands-on training to create an AI short film, with top performers getting a chance to join the School of Storytelling’s production team.